ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തല്‍

Jaihind Webdesk
Friday, August 31, 2018

ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തല്‍. അണക്കെട്ട് പൂര്‍ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് താഴുന്നതോടെ പൂര്‍വ സ്ഥിതിയിലെത്താറുമുണ്ട്. എന്നാല്‍  പൂര്‍വ സ്ഥിതിയിലെത്തുന്ന ഈ  പ്രക്രിയയ്ക്കാണ് സ്വാഭാവിക പ്രതികരണമുണ്ടാകാത്തത്.

ഡാം പൂര്‍ണ സംഭരണശേഷിയിലെത്തുമ്പോള്‍ 20 മുതല്‍ 40 മി.മീറ്റര്‍ വരെ ചലനവ്യതിയാനം സംഭവിക്കണമെന്നാണ്  ഇടുക്കി അണക്കെട്ടിന്റെ  നിര്‍മാണതത്വം. എന്നാല്‍ ജലവിതാനം ഉയരുമ്പോള്‍ ഇത് സംഭവിക്കുകയും ജലനിരപ്പ് താഴുമ്പോള്‍ ഇതുണ്ടാകുന്നില്ലെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 1995 വരെ ഈ ചലന വ്യതിയാനം കൃത്യമായിരുന്നു. ഡാമിന്‍റെ നിര്‍മാണതത്വത്തിനനുസരിച്ച് ചലനവ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്നമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇടുക്കി പദ്ധതിയുടെ പ്രധാന ഭാഗമായ ആർച്ച് ഡാമിന്റെ ചലന വ്യതിയാനതകരാർ ആശങ്കയുണ്ടാക്കുന്നതാണെന്ന് കാട്ടി KSEB ഗവേഷണ വിഭാഗം റിപ്പോർട്ട് നൽകി. അടിയന്തര ആപത് സാധ്യത പരാമർശിക്കാത്ത അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട്  നിലവിലെ സാഹചര്യം കൂടുതൽ പഠനവിധേയമാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു. 1994-95 കാലഘട്ടം വരെ ചലന വ്യതിയാനം കൃത്യമായിരുന്നു.

കനേഡിയൻ കമ്പനിയായ SNC യാണ് ഡാം രൂപകൽപന ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് ഡാമാണിത്. ലോകത്തിലെ രണ്ടാമത്തേതും. ആർച്ച് ഡാമുകൾക്ക് മർദം താങ്ങാൻ ശേഷികൂടുതലാണ്. ജലനിരപ്പ് ഉയരുന്തോറും സംജാതമാകുന്ന കൂടിയ തോതിലെ മർദം ആർച്ച് ഡാമുകളുടെ കാര്യത്തിൽ ഇരു വശത്തേക്കും നേരെ താഴേക്കും ഒരേ അളവിലാണ് സംഭവിക്കുക.