ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് പനീർശെൽവം

Jaihind News Bureau
Friday, August 30, 2019

Mullaperiyar-Dam-1

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തമിഴ്‌നാട്ടിലേക്ക് തുറന്ന് വിട്ടു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തമിഴ്‌നാട്ടിലെ കാർഷിക ആവശ്യങ്ങൾക്കായ് തുറന്ന് വിട്ടു. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനിയിലെ വൈഖ അണക്കെട്ടിലേക്കാണ് ജലം തുറന്ന് വിട്ടത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവ മാണ് തേക്കടി കനാലിലെ ഷട്ടർ തുറന്നത്. പ്രത്യേകം പൂജകളും പ്രാർത്ഥനാ കർമങ്ങളും നടത്തിയാണ് ഷട്ടർ തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് സുപ്രീം കോടതി അനുമതിയോടെ 142 ൽ നിന്നും 152 അടിയായി ഉയർത്തുമെന്നും പനീർശെൽവം കുമളിയിൽ പറഞ്ഞു,

അതേ സമയം ഡ്രോൺ പറത്തി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അണക്കെട്ടിന്‍റെയും മുല്ലപ്പെരിയാറിന്‍റെ ഭാഗമായ തേക്കടി തടാകത്തിന്‍റെയും ദൃശ്യങ്ങൾ അനുമതി കൂടാതെ പകർത്തിയത് ദുരൂഹതയുണർത്തുന്നു. കേരളത്തിന്‍റെ അനുമതിയില്ലാതെയാണ് ഡ്രോൺ പറത്തി ദ്യശ്യങ്ങൾ പകർത്തിയത്.