ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചവരുടെ കൂട്ടത്തില്‍ സ്പീക്കറുടെ പി.എയും

Jaihind News Bureau
Monday, July 30, 2018

ഹനാനെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിച്ചവരുടെ കൂട്ടത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സ്റ്റാഫംഗവും. എന്നാൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും സർക്കാർ ജീവനക്കാരനുമായ ജമാലുദ്ദീനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ല.

കൊച്ചിയിൽ മീൻ വിറ്റ് പഠനം നടത്തിയ ഹനാനെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിച്ചവർക്കെതിരെ സർക്കാർ നടപടി തുടരുകയാണ്. എന്നാൽ ഫേസ് ബുക്കിലൂടെ ഹനാനെതിരെ മോശം പരാമർശം നടത്തിയ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജമാലുദ്ദീൻ മാറഞ്ചേരിയാണ് ഹനാനെതിരെ എഫ്.ബിയിൽ മോശം പരാമർശം നടത്തിയത്. ചുരുങ്ങിയ സമയത്തിനിടെ നിരവധിപേർ ജമാലുദ്ദീന്റെ എഫ്.ബി പോസ്‌റ്റിന് പിന്തുണയുമായെത്തി.

റൂറൽ ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരനാണ് ഇദ്ദേഹം. ഗവൺമെന്റ് ഉദ്യോഗസ്ഥനായിട്ടും സ്പീക്കറുടെ സ്റ്റാഫംഗത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ല. ശ്രീരാമകൃഷ്ണൻ മുമ്പ് എം.എൽ.എ ആയിരുന്നപ്പോഴും ഇദ്ദേഹം പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു. ഹനാനെതിരെ മോശം പരാമർശം നടത്തിയ ഇദ്ദേഹത്തിനെതിരെ സ്പീക്കറും നടപടിക്ക് ശുപാർശ ചെയ്യുകയോ, നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വനിതാകമ്മീഷനും സ്പീക്കറുടെ സ്റ്റാഫിനെതിരെ നടപടിക്ക് തയാറായിട്ടില്ല. എഫ്.ബി, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഹനാനെതിരെ മോശം പരാമർശം നടത്തിയതിന് സാധാരണക്കാർക്കെതിരെ പോലീസ് നടപടി തുടരുമ്പോഴാണ് സ്പീക്കറുടെ സ്റ്റാഫംഗം നടപടികൾക്ക് വിധേയനാകാതെ ശ്രദ്ധേയനാകുന്നത്.