സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വി.കെ കൃഷ്ണന്‍റെ ആത്മഹത്യാക്കുറിപ്പ്

Jaihind News Bureau
Saturday, June 16, 2018

എളങ്കുന്നപ്പുഴയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ കൃഷ്ണന്റെ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് സി.പി.എം അന്വേഷിക്കുന്നു. ആത്മഹത്യാക്കുറിപ്പ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഇത്. കൃഷ്ണന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സന്ദർശിച്ചു.

പാർട്ടിക്കുള്ളിൽ ഒരു വിഭാഗം തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിക്കുന്നതായി കൃഷ്ണൻ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. കുറിപ്പ് പുറത്തായി പാർട്ടി പൂർണമായും പ്രതിരോധത്തിലായതിനെ തുടർന്നാണ് അന്വേഷിക്കാൻ നേതൃത്വം തീരുമാനമെടുത്തത്.

വി.എസിനോട് അനുഭാവം പുലർത്തിയിരുന്ന കൃഷ്ണനെ ഒതുക്കാൻ മറുവിഭാഗം നടത്തിയ ശ്രമങ്ങൾ മാനസികമായി ഇയാളെ തളർത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനാലല്ല താൻ ഇത് ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരുടേയും പേര് വ്യക്തമായി പരാമർശിക്കാത്ത സാഹചര്യത്തിൽ പ്രേരണാകുറ്റം ആരുടെമേലും പോലീസ് ചുമത്തിയിട്ടില്ല. നാളുകളായി പ്രദേശത്ത് തുടരുന്ന സി.പി.എം വിഭാഗീയതയുടെ രക്തസാക്ഷിയാവുകയായിരുന്നു കൃഷ്ണൻ എന്നാണ് പാർട്ടിക്കാർ തന്നെ രഹസ്യമായി പറയുന്നത്.

കൃഷ്ണന്‍ ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും തന്നെ കണ്ടിരുന്നു എന്നും ഏതെങ്കിലും തരത്തിലുള്ള മാനസിക വിഷമം അദ്ദേഹത്തിനുണ്ടായിരുന്നതായി തന്നോട് പറഞ്ഞിരുന്നില്ലെന്നും സ്ഥലം എം.എൽ.എ എസ് ശര്‍മ അറിയിച്ചു.

ഏറെ ജനപിന്തുണയുള്ള സി.പി.എം നേതാവ് വി.കെ കൃഷ്ണന്‍ പാര്‍ട്ടിക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിയായിരുന്നു കൊച്ചി കായലില്‍ ചാടിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിക്കുള്ള ഫെറിബോട്ടില്‍ നിന്നായിരുന്നു കായലില്‍ ചാടിയത്.[yop_poll id=2]