സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും

Jaihind News Bureau
Monday, July 30, 2018

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും. 52 ദിവസമായി തുടർന്ന നിരോധനം അവസാനിക്കുന്നതോടെ ബോട്ടുകളെല്ലാം അറ്റകുറ്റപ്പണി പൂർത്തിയാക്കി കടലിലിറങ്ങും

ഓഖിയും കടൽ പ്രക്ഷുബ്ധമായതും തീരദേശ മേഖലയെ ബാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 53 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നത്. 47 ദിവസത്തിൽ നിന്ന്  ട്രോളിംഗ് കാലയളവ് കൂട്ടിയത് കേന്ദ്രത്തിന്‍റെ ദേശീയ ട്രോളിംഗ് നയം പ്രകാരമായിരുന്നു. ഇത്തവണ ബോട്ടുകൾ ഏകീകൃത വർണമണിഞ്ഞാണ് കടലിൽ ഇറങ്ങുന്നത്. സ്രാങ്കിന്‍റെ കാബിനായ വീൽഹൗസിന് ഓറഞ്ച് നിറവും ഹൾ, ബോഡി എന്നിവക്ക് കടുംനീല നിറവുമാണ്.

അയ്യായിരത്തി അഞ്ഞൂറോളം ബോട്ടുകളാണ് സംസ്ഥാനത്ത് കടലിൽ ഇറങ്ങുന്നത്. കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖത്ത് നിന്ന് 1330 ബോട്ടുകൾ മീൻപിടിക്കാൻ സജ്ജമായിക്കഴിഞ്ഞു. മത്സ്യം തേടി ഉൾക്കടലിലേക്ക് പോകുന്നതിനാവശ്യമായ ഇന്ധനം നിറയ്ക്കാൻ ബങ്കുകൾ ശനിയാഴ്ച അർധരാത്രി മുതൽ തുറന്ന് പ്രവർത്തിച്ച് തുടങ്ങി. മത്സ്യഫെഡിന്‍റെ ഡീസൽ പമ്ബുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി സംസ്ഥാനത്ത് മത്സ്യലഭ്യതയിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം നിരോധനകാലത്ത് സംസ്ഥാനത്ത് ആഴക്കടലിൽ വിദേശ ബോട്ടുകൾക്കും കപ്പലുകൾക്കും മീൻ പിടിക്കാൻ അനുവാദം നൽകുന്ന നടപടിയാണ് മത്സ്യ ലഭ്യത കുറയാനുള്ള പ്രധാനകാരണം. നീണ്ട കാലയളവ് നിരോധനം നടപ്പാക്കിയതിനാൽ ഇക്കുറി മത്സ്യ സമ്ബത്തിൽ വൻ വർധന ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷയാണ് മേഖലയിൽ ഉള്ളത്. നിരോധനകാലത്തെ സർക്കാർ ആനുകൂല്യങ്ങൾ അപര്യാപ്തമാണെന്ന് മത്സ്യത്തൊഴിലാളികൾ ഇത്തവണയും പരാതിയുയർന്നിരുന്നു.