ശബരിമലയിൽ ദേവപ്രശ്‌നം 15, 16, 17 തീയതികളിൽ നടക്കും

Jaihind News Bureau
Thursday, June 14, 2018

തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ മാസം മാറ്റിവെച്ച ദേവപ്രശ്‌ന ക്രിയകൾക്കാണ് 15 ന് തുടക്കമാവുന്നത്. മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.

ശബരിമല ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിൽ ആന ഇടയുകയും ആനപ്പുറത്ത് നിന്നുള്ള വീഴ്ചയിൽ പൂജാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ ദേവപ്രശ്‌നം നടത്തുന്നത്.

കഴിഞ്ഞ മാസം 17 മുതൽ 19 വരെ നടത്താനിരുന്ന ദേവപ്രശ്‌ന ക്രിയകള്‍ ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് ഈ മാസം 16 മുതലുള്ള തീയതി നിശ്ചയിച്ചത്. ഇരിങ്ങാലക്കുട പത്മനാഭ ശർമയുടെ നേതൃത്വത്തിലാകും ദേവപ്രശ്‌ന ചടങ്ങുകൾ നടക്കുക.

https://www.youtube.com/watch?v=-Y_Uia3UoWc

ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല – മാളികപ്പുറം മേൽശാന്തിമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ, ക്ഷേത്രത്തിലെ പ്രധാന ജീവനക്കാർ തുടങ്ങിയവർ ദേവ പ്രശ്‌ന ചടങ്ങുകളില്‍ സന്നിഹിതരാകും.

മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 14 തുറക്കും. ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി വൈകിട്ട് 5 മണിക്ക് നട തുറന്ന് ശ്രീകോവിലിൽ വിളക്ക് തെളിച്ച് പൂജകൾ നടത്തും. 15 ന് രാവിലെ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. തുടർന്നാകും ദേവപ്രശ്‌നത്തിന് തുടക്കമാവുക. മാസ പൂജകൾക്ക് ശേഷം 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.