രണ്ടാം T 20യിലും ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര

Jaihind News Bureau
Saturday, June 30, 2018

രണ്ടാം മത്സരത്തിലെ കൂറ്റൻ ജയത്തോടെ അയർലൻഡിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യസ്വന്തമാക്കി. 143 റൺസിനാണ് വിരാട് കോഹ്ലിയും സംഘവും ജയിച്ചു കയറിയത്. 214 റൺസിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഐറിഷ് പട വെറും 70 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ യുസ്വേന്ദ്ര ചഹാലും കുൽദീപ് യാദവുമാണ് ആതിഥേയരെ തകർത്തത്.

കളിയുടെ ഒരുഘട്ടത്തിൽ പോലും ഇന്ത്യയെ വെല്ലുവിളിക്കാൻ അയർലൻഡിനായില്ല. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ പോൾ സ്റ്റിർലിംഗ് പൂജ്യത്തിന് പുറത്ത്. തൊട്ടുപിന്നാലെ ജെയിംസ് ഷാനോൺ (2), വില്യം പോർട്ടൽഫീൽഡ് (14) എന്നിവരും വീണതോടെ വിധി നിർണയിക്കപ്പെട്ടിരുന്നു.

നേരത്തെ പതിവുപോലെ ടോസ് കിട്ടിയിട്ടും ഇന്ത്യയെ ബാറ്റിംഗിനയച്ച് ഐറിഷ് ക്യാപ്റ്റൻ കനിവ് കാണിച്ചു. കിട്ടിയ അവസരം പാഴാക്കാതെ രാഹുൽ അടിച്ചു തകർക്കുകയും ചെയ്തു. ഓപ്പണറുടെ റോളിലെത്തിയ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും പീറ്റർ ചേസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒൻപത് റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. അയർലൻഡുകാർ സന്തോഷിച്ച ഏകനിമിഷവും ഇതുതന്നെ.

സുരേഷ് റെയ്ന കൂട്ടിനെത്തിയതോടെ ടോപ് ഗിയറിലായി രാഹുൽ. ഓരോ ഓവറിലും ബൗളിംഗ് മാറ്റം വരുത്തി ഐറിഷ് ക്യാപ്റ്റൻ പരീക്ഷിച്ചെങ്കിലും രാഹുലിനെ തളയ്ക്കാൻ അതൊന്നും പോരായിരുന്നു. 28 പന്തിലായിരുന്നു രാഹുലിന്റെ അർധശതകം. എന്നാൽ വ്യക്തിഗത സ്‌കോർ 70ൽ നിൽക്കെ കെവിൻ ഒബ്രിയാനിന്റെ പന്തിൽ രാഹുൽ വീണു. ഒരു പന്തിന്റെ ഇടവേളയിൽ രോഹിത് ശർമയും (പൂജ്യം) മടങ്ങി. എന്നാൽ 34 പന്തിൽ അർധശതകം പിന്നിട്ട റെയ്ന ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. 45 പന്തിൽ 69 റൺസെടുത്ത റെയ്നയെ വീഴ്ത്തിയതും ഒബ്രിയാൻ ആണ്.

ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൂറ്റന്‍ ജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.