മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഭൂകമ്പസാധ്യത കണ്ടെത്താനുള്ള സംവിധാനം സ്ഥാപിക്കും

Jaihind News Bureau
Monday, June 18, 2018
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഗാലറിയിൽ ഭൂകമ്പ സാധ്യത കണ്ടെത്താനുള്ള സിസ്മോ ഗ്രാഫിക് സംവിധാനം തമിഴ്നാട് സ്ഥാപിക്കും. അടിയന്തര സാഹചര്യം ഉണ്ടായാൽ പെരിയാർ നദി വഴി ഇടുക്കി അണക്കെട്ടിലേക്ക് ജലം തുറന്നുവിടാനുള്ള സാധ്യതയും പരിശോധിച്ചു.
കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് പുതിയ സംവിധാനം സ്ഥാപിക്കുന്ന കാര്യം തമിഴ്നാട് ഔദ്യോഗികമായി കേരളത്തെ അറിയിച്ചത്. ഉപകരണങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പഠനം നടത്താൻ ഹൈദരാബാദിലെ നാഷണൽ റിസർച്ച് സെൻററിലെ ഉദ്യോഗസ്ഥ സംഘം അടുത്ത ദിവസം അണക്കെട്ട് സന്ദർശിക്കും.
പ്രധാന അണക്കെട്ടിലെ രണ്ട് ഗാലറികളിലായാണ് ഉപകരണങ്ങൾ സ്ഥാപിക്കുക. അതേസമയം ബേബി ഡാമിന്റെ ബലപ്പെടുത്തൽ ജോലികൾക്ക് അനുമതി വേണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടെങ്കിലും ഇത് ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. അണക്കെട്ടിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലേക്ക് പെരിയാറിലൂടെ ജലം ഒഴുക്കാനുള്ള സാധ്യതയും ഉപസമിതി പരിശോധിച്ചു. അണക്കെട്ടിന്റെ സ്പിൽവേയിലെ ആറ് ഷട്ടറുകളും പരിശോധിച്ചു.
അണക്കെട്ടിൽ നിന്നും പുറത്തേക്കൊഴുകുന്ന സ്വീ പേജ് ജലത്തിലും വർധനയുണ്ട്. ഈ മാസം 21 ന് മേൽനോട്ട സമിതിയുടെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ഉപസമിതിയുടെ സന്ദർശനം.