മഴ കനത്തു; കോട്ടയത്തും റെഡ് അലർട്ട്; മലയോര മേഖലയിലെ രാത്രി യാത്ര ഒഴിവാക്കണം

Jaihind News Bureau
Saturday, August 11, 2018

മഴ കനത്ത സാഹചര്യത്തിൽ കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 വരെയാണ് അതീവ ജാഗ്രതാ നിർദേശം. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലെ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി.

മഴ ശക്തമായതോടെ കോട്ടയത്തും അതീവ ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ജലാശയളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.

മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. ഇത്തരം മേഖലകളിലും മരങ്ങൾക്ക് താഴെയും വാഹനങ്ങൾ നിർത്തരുത്.
ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ എപ്പോഴും ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത്.

പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ ഒഴികെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം.

കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നത് മാതാപിതാക്കൾ തടയണം. മൊബൈൽ ഫോൺ, ഇൻവേറ്റർ തുടങ്ങിയവ ചാർജ് ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിക്കുന്നു.

https://www.youtube.com/watch?v=LudDJNg0tS8