കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; മണ്ണെണ്ണയ്ക്ക് സബ്സിഡിയില്ല

Monday, August 27, 2018

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ കേരളത്തിന് ഇരുട്ടടി നൽകി വീണ്ടും കേന്ദ്രം. സംസ്ഥാനത്തിന് അനുവദിച്ച അധിക മണെണ്ണയ്ക്ക് സബ്സിഡി അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. നേരത്തെ അരിക്കുള്ള സബ്‌സിഡിയും കേന്ദ്രം പിൻവലിച്ചിരുന്നു.

പ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണ വിതരണം ചെയ്യണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതാണ് തിരിച്ചടിയായിരിക്കുന്നത്.12000 ലിറ്റര്‍ മണ്ണെണ്ണ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പക്ഷേ ഇതിന് സബ്സിഡി ഇല്ലെങ്കില്‍ ലിറ്ററിന് 70 രൂപ നല്‍കേണ്ടിവരും. സബ്സിഡി അനുവദിച്ചിരുന്നെങ്കില്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 13 രൂപ മാത്രമേ നല്‍കേണ്ടിയിരുന്നുള്ളൂ. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കനത്ത തിരിച്ചടിയാണ് കേന്ദ്രത്തിന്‍റെ ഈ നടപടി.

നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോയ്ക്ക് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്രം നിലപാടെടുത്തത് വിവാദമായതോടെ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.