കനത്ത മഴ നാശം വിതച്ച മലയോരമേഖലകളിൽ സാന്ത്വനവുമായി യൂത്ത് കോൺഗ്രസും

Jaihind News Bureau
Saturday, August 11, 2018

കനത്ത മഴ നാശം വിതച്ച മലപ്പുറത്തിൻറെ മലയോരമേഖലകളിൽ പോലീസിനും ദുരന്തനിവാരണ സേനക്കുമൊപ്പം രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി യൂത്ത് കോൺഗ്രസും പ്രദേശവാസികളും. ദുരിതാശ്വാസ ക്യാമ്പുകളിൽ യൂത്ത് കോൺഗ്രസ് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്തു.

മലപ്പുറത്തിൻറെ മലയോരമേഖലയെ പിടിച്ചുകുലുക്കി തോരാതെ പെയ്ത മഴ. പതിനാല് വർഷത്തെ ഇടവേളക്ക്‌ശേഷം മേഖലയെ ഭയപ്പെടുത്തി വെള്ളപൊക്കം. പെയ്ത് മതിയാകാതെ മഴ പിന്നെയും തകർത്താടി രൗദ്രഭാവം പൂകിയപ്പോൾ ഉരുൾപ്പൊട്ടലും ആളപായവും.

അപ്രതീക്ഷിതമായി കടന്നുവന്ന പ്രളയത്തെ വകഞ്ഞുമാറ്റി ചങ്കുറപ്പോടെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി നിലമ്പൂരിലെ യൂത്ത് കോൺഗ്രസ്.
മറ്റ് സംഘടനകളും പ്രദേശവാസികളും രക്ഷാ പ്രവർത്തനങ്ങൾക്ക് മുൻ നിരയിലുണ്ടായിരുന്നു. നിലമ്പൂരിൻറെ ഭൂമിശാസ്ത്രം അറിയാവുന്ന പ്രദേശവാസികളുടെ പങ്കാളിത്തം പോലീസിനും ദുരന്തനിവാരണസേനക്കും സഹായകമായി.

എരുമമുണ്ട നിർമ്മല സ്‌ക്കൂൾ, ചക്കാലക്കുത്ത്, മുമ്മുള്ളി, രാമൻകുത്ത് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ആഢ്യംപാറ കോളനിയിലും യൂത്ത് കോൺഗ്രസ് വസ്ത്രങ്ങളും, ഭക്ഷണവും വിതരണം ചെയ്തു. സാംസ്‌കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്ത്വത്തിൽ കെപിസിസി സെക്രട്ടറി വി എ കരിം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എ ഗോപിനാഥ്

യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷാജഹാൻ പായംപാടം, ഒഐസിസി അംഗം അംജത് അൻവ്വർ എന്നിവർ നേതൃത്വം നൽകി. ഡിസിസി പ്രസിഡൻറ് വി.വി പ്രകാശും, എം.ഐ ഷാനവാസ് എംപിയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

മേഖല സാധാരണ നിലയിലെത്തും വരെ ദുരിതബാധിതർ ഒറ്റക്കല്ലെന്ന ഓർമ്മപ്പെടുത്തലുമായി ഇവരൊപ്പമുണ്ടാകും… സാന്ത്വനത്തിൻറെ സ്‌നേഹകടലൊരുക്കി കൊണ്ട്.

https://www.youtube.com/watch?v=jgcpMEwK7eY