വനം മന്ത്രി കെ രാജു രാജിവെക്കാൻ സാധ്യത. ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ. പൊതുഭരണവകുപ്പ് ഉത്തരവിറക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. ഇതോടെ മന്ത്രിസ്ഥാനം കൂടുതല്‍ പരുങ്ങലിലാക്കിയിരിക്കുകയാണ്.
മന്ത്രിയുടെ വിദേശയാത്രയില്‍ സി.പി.ഐയില്‍ എതിര്‍പ്പ് രൂക്ഷമാണ്. സെപ്റ്റംബര്‍ നാലിന് ചേരുന്ന സി.പി.ഐ എക്സിക്യൂട്ടിവ് ഇക്കാര്യം ചര്‍ച്ച ചെയ്യും. കെ രാജുവിന്റെ നടപടിയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാജുവിന്റെ വിശദീകരണവും പാര്‍ട്ടി തള്ളി.
സി.പി.എമ്മിനും മുഖ്യമന്ത്രിക്കും വിഷയത്തില്‍ സമാനനിലപാടാണുള്ളത്. മന്ത്രിയുടെ നടപടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുറകോട്ടടിച്ചു എന്ന വിലയിരുത്തലാണുള്ളത്.
പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന, കൊല്ലം, കോട്ടയം ജില്ലകളുടെ ചുമതലയുള്ളയാളാണ് പുനലൂർ എം.എൽ.എ കൂടിയായ വനം മന്ത്രി കെ രാജു. കേരളം പ്രളയക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് മന്ത്രി ജർമനിയിലെ മലയാളി സമാജം സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വിമാനം കയറിയത്. ജയ്ഹിന്ദാണ് മന്ത്രിയുടെ വിദേശപര്യടനത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജയ് ഹിന്ദ് ന്യൂസ്, വാർത്ത പുറത്ത് വിട്ട് ഒരു മണിക്കൂറിനകം മന്ത്രിയുടെ ഒഫീസിൽ നിന്ന് ഫോൺ കോൾ വന്നു. “ജയ് ഹിന്ദ് മാത്രമെ വാർത്ത കൊടുക്കുന്നുള്ളൂ. മന്ത്രി ഇന്ന് തന്നെ തിരിക്കും. വാർത്ത പിന്‍വലിക്കുമോ ?
ഞങ്ങൾ പറഞ്ഞതിത്രമാത്രം. “വാർത്ത വലിക്കില്ല. യാത്ര വിവാദമായതോടെ ഉടൻ മന്ത്രി തിരിച്ചെത്തുമെന്ന് കൂടികൊടുക്കാം”.
പ്രമുഖമാധ്യമത്തിലെ റിപ്പോർട്ടറോട് ഈ വാർത്ത ഷെയർ ചെയ്തപ്പോൾ മറുപടി, ഇതൊക്കെ ഒരു വാർത്തയാണോ എന്നായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ (ഏതാണ്ട് ഒന്നരമണിക്കൂർ) അദ്ദേഹത്തിന്റെ ചാനലിലും ഇതേ വാർത്തബ്രേക്കിംഗ്. ഒടുവിൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഇത് വാർത്തയാക്കി.