തൃശൂരിൽ ചേർപ്പിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരം എംഎല്‍എയുടെ നിരുത്തരവാദിത്വം തുറന്നു കാണിക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. തന്റെ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയമായ അവസ്ഥ പരിഹരിക്കേണ്ടത് എംഎല്‍എയാണ്. ആ ഉത്തരവാദിത്വം നിറവേറ്റാതെ സമര പരിപാടിയുമായി ഇറങ്ങിയത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇത് സമൂഹ മധ്യത്തിൽ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ യുവജന സംഘടനയ്ക്കുണ്ട്. ആ നിലയിലാണ് എംഎല്‍എയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്തത് എന്ന് ബോദ്ധ്യപ്പെട്ടതായും, എംഎൽഎയുടെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യമായപ്പോൾ അതു മറച്ചുവയ്ക്കാൻ ജാതിയുടെ പേരുപറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിക്കുകയും, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുപ്പിക്കുന്നതിന് ഭരണസ്വാധീനം ഉപയോഗിക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായി നേരിടുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.