മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

Jaihind Webdesk
Wednesday, February 23, 2022

മഞ്ചേരി :2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ചു വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കരിപ്പൂർ പൊലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്. ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.

സി ജെ എം കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ പോവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അറിയിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ: കെ.എ.ജബ്ബാർ ഹാജരായി.