നിദ ഫാത്തിമയുടെ മരണം അന്വേഷിക്കണം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. സംഭവം വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ കത്തില്‍ ആവശ്യപ്പെട്ടു.

കോടതി ഉത്തരവുമായി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ നിദ അടക്കമുള്ള സൈക്കിൾ പോളോ അസോസിയേഷനിലെ കേരള താരങ്ങൾക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിൽ ദേശീയ കായിക ഫെഡറേഷന്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. വിവേചനപരമായ നിലപാടാണ് ഇക്കാര്യത്തില്‍ ദേശീയ കായിക ഫെഡറേഷന്‍ സ്വീകരിച്ചത്. സംസ്ഥാന കായിക വകുപ്പിന്‍റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ബിനു ചുള്ളിയില്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് ഇടപെട്ട് കായിക താരങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടി കായിക വകുപ്പ് സ്വീകരിച്ചില്ല. രാജ്യത്തിനും മുഴുവന്‍ കായികമേഖലയ്ക്കും കളങ്കമായ മനുഷ്യത്വരഹിതമായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് അയച്ച കത്തില്‍ ബിനു ചുള്ളിമണ്‍ ആവശ്യപ്പെട്ടു.

സ്പോർട്സ് കൗൺസിലിൽ റജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് ഫാത്തിമ ഉൾപ്പെട്ട ടീം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ‌ ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്‍റെ നിലപാട്. നാഗ്പൂരിൽ താൽകാലിക സൗകര്യങ്ങളിലാണ് ടീം കഴിഞ്ഞിരുന്നത്.

Comments (0)
Add Comment