ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത് യെച്ചൂരി

Jaihind Webdesk
Monday, April 1, 2019

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിറളി പൂണ്ട സി.പി.എം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് യെച്ചൂരിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്. യു.പി.എ ഘടകകക്ഷികളും രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്നതിനാല്‍ കോൺഗ്രസ് നേതൃത്വവും ഇക്കാര്യം പരിഗണിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിൽ മത്സരിക്കണമെന്ന് ഡി.എം.കെ. നേതാവ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടപ്പോള്‍ കർണാടകയുടെ കാര്യം മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ചു. ബി.ജെ.പിക്കെതിരെ കൂടുതല്‍ ശക്തമായി പോരാടാനാകുമെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി നേതാക്കളും ആവശ്യം മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തില്‍ എല്ലാക്കാര്യങ്ങളും വിശദമായി പരിശോധിച്ചതിനുശേഷമാണ് ഹൈക്കമാന്‍ഡ് വയനാട് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിരോധത്തിലായ സി.പി.എം പിന്നീട് വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയായിരുന്നു.  ഇതോടെ രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ച യെച്ചൂരി സംസ്ഥാന നേതൃത്വത്തിന്‍റെ പിടിവാശിക്ക് മുന്നില്‍ നിസഹായാവസ്ഥയിലായിരിക്കുകയാണിപ്പോള്‍.