പ്രകാശ് കാരാട്ടിനെ തിരിച്ചുവെട്ടി യെച്ചൂരി; വെട്ടില്‍ കാരാട്ടിനും യെച്ചൂരിക്കും സമനില

Saturday, January 26, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സി.പി.എം ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രകാശ് കാരാട്ടിനെ പാലക്കാട് മത്സരിപ്പിക്കാനായിരുന്നു സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അനൌപചാരികമായ തീരുമാനം. ഇതുവരെ പാര്‍ലമെന്‍ററി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇല്ലാതിരുന്ന കാരാട്ടിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. കാരാട്ടുമായുള്ള വ്യക്തിപരമായ അടുപ്പവും യെച്ചൂരിയുമായുള്ള പിണറായിയുടെ മോശം ബന്ധവുമായിരുന്നു കാരാട്ടിനെ കേരളത്തിലിറക്കി കളിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വവും പിണറായിയും തീരുമാനിച്ചത്. എന്നാല്‍ കേരളത്തിന് പുറത്തുള്ള കേന്ദ്രനേതാക്കളെ കേരളത്തില്‍ മത്സരിപ്പിക്കില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് സീതാറാം യെച്ചൂരി ഇന്ന് കൊച്ചിയില്‍.

ബംഗാളില്‍ നിന്ന് ഒരിക്കല്‍കൂടി രാജ്യസഭയിലേക്ക് വരണമെന്ന സീതാറാം യെച്ചൂരിയുടെ മോഹം തകര്‍ത്തത് പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്ന് തോമസ് ഐസക് ഒഴികെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുമായിരുന്നു. ഒരു എം.പിയെ ജയിപ്പിക്കാനുള്ള വോട്ടില്ലാതായിട്ടും കോണ്‍ഗ്രസിന്‍റെ സഹകരണത്തോടെ യെച്ചൂരിയെ രാജ്യസഭാ അംഗമാക്കാനായിരുന്നു സി.പി.എം ബംഗാള്‍ ഘടകം ആഗ്രഹിച്ചതും അതിനുവേണ്ടി പ്രവര്‍ത്തിച്ചതും. ബംഗാള്‍ ഘടകം ഈ ആവശ്യം കേന്ദ്രകമ്മിറ്റിയില്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളും ഇതിനെ ശക്തമായി എതിര്‍ക്കുകയും യെച്ചൂരിയുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. അങ്ങനെ മൂന്നാമതും രാജ്യസഭാംഗമാകണമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്‍റെയും ആഗ്രഹം വെട്ടിനിരത്തിയതിന് നേതൃത്വം കൊടുത്തത് പ്രകാശ് കാരാട്ടായിരുന്നു. അതിനുള്ള തിരിച്ചുവെട്ടായിരുന്നു ഇന്ന് യെച്ചൂരിയിലൂടെ കേരളത്തില്‍ പ്രകടമായത്.