പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ ഇന്നുമുതല്‍ ബാങ്കുകളിലെത്തി മാറാം; പ്രത്യേക ഫോം പൂരിപ്പിക്കേണ്ടതില്ലെന്ന് എസ്ബിഐ

 

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോമിന്‍റെ ആവശ്യമില്ലെന്ന് വിശദീകരിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടു മാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ തിരിച്ചറിയല്‍ രേഖകളോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. അതേസമയം ഇന്നുമുതല്‍ ആർബിഐ പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം.

ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം നൽകി. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിലാണ്അറിയിച്ചത്. 2000ത്തിന്‍റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്‍റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നും റിസർവ് ബാങ്കിന്‍റെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇന്നു മുതൽ നോട്ടുകൾ ബാങ്കിലെത്തി മാറ്റാന്‍ കഴിയും. സെപ്റ്റംബർ 30 ന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ നിർേേദ്ദശങ്ങളിലുണ്ട്. ചൊവ്വാഴ്ച മുതൽ ബാങ്കുകളിൽ നിന്നും 2000 രൂപ മാററിയെടുക്കാമെന്ന തീരുമാനത്തിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ, അപേക്ഷാ ഫോമോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. 2016 ൽ പുറത്തിറക്കിയ 2000 ത്തിന്‍റെ നോട്ടുകളാണ് ഏഴ് വർഷത്തിന് ശേഷം കേന്ദ്രം പിൻവലിക്കുന്നത്. നിലവിൽ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറൻസി. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയ തീരുമാനമായിരുന്നു നോട്ട് നിരോധനം. 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളാകെ ദുരിതക്കയത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. അസംഘടിത മേഖലയൊന്നാകെ സ്തംഭിച്ചു. പണലഭ്യതയും പണമൊഴുക്കും കുറഞ്ഞു. വ്യവസായ മേഖല ഒന്നാകെ പ്രതിസന്ധിയിലായി. വിപണിയിൽ ആവശ്യത്തിനു പണമെത്തിക്കാൻ ആർബിഐക്ക് ആറു മാസത്തിലധികം വേണ്ടിവന്നു. 2016-2017 സാമ്പത്തികവർഷം 8.3 ശതമാനമായിരുന്നു വളർച്ചയെങ്കിൽ 2019 -2020 സാമ്പത്തിക വർഷത്തില്‍  3.7 ശതമാനത്തിലേക്കു താഴ്ന്നു. തൊട്ടടുത്ത വർഷമെത്തിയ കൊവിഡ് ദുരിതം വീഴ്ചയ്ക്ക് ആക്കം കൂട്ടി. വളർച്ച നെഗറ്റീവ് 6.6 ശതമാനത്തിലേക്കു വീണടിഞ്ഞു. അസാധുവാക്കിയ നോട്ടുകളിലുള്ള കള്ളപ്പണം തിരിച്ചെത്തില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തുകയും ചെയ്തു.

Comments (0)
Add Comment