തിരുവനന്തപുരം: ഇടതുമുന്നണി വിട്ട നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി അന്‍വര്‍ സിപിഎമ്മുമായി അകന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരമാണ് യോഗം.
അതെ സമയം അന്‍വറിനെതിരെ കൊലവിളി പ്രസംഗവുമായാണ് സിപിഎം പ്രകടനം നടത്തിയത്. ഇതിന്റെ പേരില്‍ പോലീസ് സിപിഎം നേതാക്കള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. മാത്രവുമല്ല വൈകുന്നേരത്തെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അന്‍വറിനെ സംബന്ധിച്ചിടത്തോളം നിലമ്പൂരില്‍ ശക്തി തെളിയിക്കേണ്ടതുണ്ട്.
എന്താണ് അന്‍വര്‍ പറയുക എന്നതാണ് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്. അന്‍വര്‍ മുന്നില്‍ നിര്‍ത്തുന്ന സഖാക്കള്‍ പാര്‍ട്ടി ആഹ്വാനം തള്ളിക്കളഞ്ഞ് യോഗത്തിനെത്തുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
ഒപ്പം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമോ അതോ വേറെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമോ എന്നൊക്കെ ഇന്നത്തെ യോഗത്തില്‍ അന്‍വര്‍ വ്യക്തമാക്കും.