പാലക്കാട്ടെ മദ്യ നിർമ്മാണ ശാല ഒയാസിസിനെതിരെ മിച്ചഭൂമി കേസുമായി റവന്യൂ വകുപ്പ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാണ് റവന്യൂ വകുപ്പിന്‍റെ നടപടി . നിയമസഭയിൽ നേരത്തെ ഉയർന്ന ചോദ്യത്തിന് റവന്യൂ മന്ത്രി കെ രാജൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചട്ടവിരുദ്ധമായി കമ്പനി കൈവശം വച്ച ഭൂമിയെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേറ്റ് ലാന്‍റ് ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. താലൂക്ക് ലാന്‍റ് ബോർഡ് ഭൂമി സംബന്ധിച്ച ക്രമക്കേട് പരിശോധിക്കുമെന്നാണ് റവന്യു മന്ത്രിയുടെ വിശദീകരണം.
പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാലക്ക് സർക്കാർ അനുമതി നൽകിയ ഒയാസിസ് കമ്പനി മിച്ചഭൂമി നിയമം ലംഘിച്ചിട്ടുണ്ടെന്നാണ് റവന്യു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് കൂടുതൽ അന്വേഷണം നടത്തുവാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. ചട്ടവിരുദ്ധമായി കമ്പനി കൈവശം വച്ച ഭൂമിയെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേറ്റ് ലാന്‍റ് ബോർഡ് ആണ് നിർദേശം നൽകിയിരിക്കുന്നത്.
താലൂക്ക് ലാന്‍റ് ബോർഡ് ഭുമിസംബന്ധിച്ച ക്രമക്കേട് പരിശോധിക്കുമെന്നാണ് റവന്യു മന്ത്രി
സഭയിൽ രേഖാമൂലം വെച്ച മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഭൂപരിഷ്കരണ നിയമം 82 ാം വകുപ്പ് പ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ വരെ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ്ഭൂമി ക്രയവിക്രയം സംബന്ധിച്ച് വിശദമായി അന്വേഷിക്കുക.
ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് 9 ആധാരങ്ങളിലായാണ് ഭൂമി രജിസ്റ്റർ ചെയ്തതെന്നും രജിസ്ട്രേഷനിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ വിശദീകരിച്ചിരുന്നു. നേരത്തെ നാലേക്കറിൽ നിർമ്മാണ പ്രവർത്തനം നടത്താൻ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് തേടി കമ്പനി സമീപിച്ചിരുന്നെങ്കിലും റവന്യു കൃഷി വകുപ്പുകൾ ആവശ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മിച്ചഭുമി കേസിലെ തുടർ നടപടി കൂടി ഉണ്ടായിരിക്കുന്നത്.എ പി അനിൽകുമാർ ഉൾപ്പെടെയുള്ള എംഎൽഎമാർ സഭയിൽ ഇത് സംബന്ധിച്ച ഉന്നയിച്ചിരുന്ന ചോദ്യങ്ങൾക്ക് റവന്യൂ മന്ത്രി ഇപ്പോൾ രേഖാമൂലം നൽകിയ മറുപടിയിലാണ് ചട്ടം വ്യക്തമായിരിക്കുന്നത്.
നേരത്തെ മദ്യശാലയ്ക്ക് അനുമതി നൽകിയതിൽ ഇടതുമുന്നണിയിൽ വലിയ ചേരിതിരിവ് ഉണ്ടായിരുന്നു.എന്നാൽ മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ച് പദ്ധതിക്ക് മുന്നണിയുടെ അനുമതി നേടിയെടുക്കുകയായിരുന്നു. ഇതിനി ടയിലാണ് ഇപ്പോൾ ഒയാസിസിനെതിരെ മിച്ചഭൂമി നിയമം ലംഘിച്ചതിന് കേസ് ഉണ്ടായിരിക്കുന്നത്.ഒയാസിസ് കമ്പനി അപേക്ഷ നൽകിയാൽ സംസ്ഥാനത്തിന് പൊതു താല്പര്യമുള്ള വിഷയം എന്ന നിലയിൽ സർക്കാരിന് വേണമെങ്കിൽ ചട്ടത്തിൽ
ഇളവ് നൽകാമെന്നിരിക്കെ സർക്കാർ എന്ത് തുടർ നടപടി സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.