കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ കഴകം തസ്തികയിലെ ജാതി വിവേചന വിഷയം എ പി അനില്‍കുമാര്‍ സബ്മിഷനിലൂടെ സഭയില്‍ അവതരിപ്പിച്ചു. പരാതി തന്നവര്‍ക്ക് എതിരായി നടപടി എടുക്കേണ്ട ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ അളെ മാറ്റുകയാണ് ചെയ്തതെന്നും ശുദ്ധികലശം ചെയ്തത് അങ്ങേയറ്റം തെറ്റൊന്നും എപി അനില്‍കുമാര്‍ പറഞ്ഞു. നടപടി എടുത്തത് അഡ്മിനിസ്ട്രേറ്റര്‍ ആണെന്നും ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസം മന്ത്രി വി എന്‍ വാസവന്‍ മറുപടിയും നല്‍കി.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയില്‍ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ സംഭവത്തില്‍ കമ്മീഷന്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. ഈ കാലത്തും ജാതി വിവേചനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന ആളുകള്‍ ഉണ്ടെന്നും സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരാണ് ഇതിന് മുന്‍ കൈയെടുക്കുന്നതും എന്നതിനാല്‍ വലിയ രീതിയില്‍ ഈ വിഷയം വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. കൂടല്‍ മാണിക്യ ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.