ഗുഡ് , ബാഡ് , അഗ്‌ളി മന്ത്രിമാര്‍ ആരൊക്കെ ; സിപിഎം സമ്മേളന വിലയിരുത്തല്‍

Jaihind News Bureau
Friday, March 7, 2025

സിപിഎം സമ്മേളനം കൊല്ലത്തു തുടരുകയാണ്. സ്വന്തം മുന്നണി ഭരിക്കുന്ന കൊല്ലത്തു പോലും പോസ്റ്റര്‍ ആര്‍ഭാടത്തിന് പിഴ ശിക്ഷ കിട്ടിയെങ്കിലും അതൊന്നും പ്രശ്‌നമാക്കുന്നില്ല. എന്നാല്‍ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രകടമാകുന്നത് ചില വല്ലാത്ത ‘പുകഴ്ത്തലുകള്‍’ ആണ്. ഗോവിന്ദന്റെ വാഴ്ത്തുപാട്ട് അനുസരിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അതില്‍ തന്നെ ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഒട്ടും ഉയര്‍ന്നില്ല എന്നുമുണ്ട്. അങ്ങനെ പാര്‍ട്ടി നേതൃത്വത്തിന്റെ ഗുഡ് ലിസ്റ്റില്‍ പേരുവന്ന മികച്ച മന്ത്രി മറ്റാരുമല്ല, മരുമകന്‍ മന്ത്രി തന്നെയാണ്്. മുഹമ്മദ് റിയാസ് .

സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ക്ക് പ്രതിരോധിക്കാനായില്ലെന്നും വിമര്‍ശനമുണ്ട്. അന്ന് മുഖ്യമന്ത്രിയെ പിന്തുണയ്ക്കാനും പ്രതിരോധമുയര്‍ത്താനുംഎത്തിയത് മുഹമ്മദ് റിയാസ് മാത്രമായിരുന്നു. ഭരിക്കുന്ന വകുപ്പിലും ഒപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിലും മികച്ച പ്രകടനമാണ് റിയാസ് നടത്തുന്നതെന്നും റിപ്പോര്‍ട്ടു പറയുന്നു. മറ്റ് മന്ത്രിമാരെ വിമര്‍ശിക്കുമ്പോഴാണ് മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ടിന്റെ പലഭാഗത്തും പുകഴ്ത്തുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൈയിലിരുപ്പല്ലേ അതിനു കാരണം എന്നു ചോദിക്കാന്‍ കഴിയില്ലല്ലോ. അതിനു പ്രതിരോധം തീര്‍ക്കേണ്ടത് മരുമകന്‍ മന്ത്രിയുടെ കുടുംബകാര്യമായിരുന്നല്ലോ. എന്നാല്‍ ഇതിനൊക്കെ രാഷ്ട്രീയമായ ഒരു ആയുധമാക്കി മറ്റു മന്ത്രിമാര്‍ക്കു നേരേ പ്രയോഗിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. പിണറായി – റിയാസ് മുന്നണി പാര്‍ട്ടി പിടിച്ചടക്കിയതിന്റെ പ്രകടമായ തെളിവുകളാണ് റിപ്പോര്‍ട്ടു നല്‍കുന്നത്.

റിപ്പോര്‍ട്ടില്‍ പുകഴ്ത്തുന്നത് രണ്ടു പേരെ മാത്രമാണ്. തുടര്‍ച്ചയായ രണ്ടാം സര്‍ക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമാണെന്ന് ആവര്‍ത്തിക്കുന്നതിനോടൊപ്പം ചേര്‍ത്തു വയ്ക്കുന്നത് മരുമകനെക്കൂടിയാണ്. ബാക്കിയുള്ളവരെല്ലാം ശൂ… എന്ന രീതിയില്‍ സജി ചെറിയാനും കിട്ടി വയറു നിറയെ ശകാരം. ഒപ്പം തന്നെ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒരു കൂട്ടം സഖാക്കളില്‍ ഇപ്പോഴും വിഭാഗീയ പ്രവണതയുണ്ട്. ഈ വിഭാഗീയത കാരണമണ് പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ എന്നും റിപ്പോര്‍ട്ടു പറയുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും വിഭാഗീയതയെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെന്ററിലുള്ളവര്‍ കീഴ് ഘടകങ്ങളില്‍ എത്തി വിഭാഗീയത പരിഹരിക്കണം എന്നും റിപ്പോര്‍ട്ടു നിര്‍ദ്ദേശം നല്‍കുന്നു.

ഇതു പോലെ തന്നെയാണ് കൊട്ടേഷന്‍, റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായുള്ള ബന്ധം വിശദീകരിക്കുന്നത്. ഇത്തരം മാഫിയകളുമായി പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ അത് നിലനില്‍ക്കുന്നു. പൂര്‍ണ്ണമായും ഇത്തരം സംഘങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും മാറിനില്‍ക്കണം

പാര്‍ട്ടി അക്കൗണ്ടുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച ഉണ്ടാവുന്നുണ്ട് . ഏരിയാ കമ്മിറ്റികള്‍ ഉള്‍പ്പെടെ പല കമ്മിറ്റികളും കൃത്യമായി കണക്കുകള്‍ മേല്‍ കമ്മിറ്റിക്ക് നല്‍കുന്നില്ല. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹികള്‍ പോലും കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നു. അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതായും അനുഭാവികളെ കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും റിപ്പോര്‍ട്ടു പറയുന്നു.