മുകേഷ് സിപിഎം സമ്മേളന നഗരിയിലെത്തി, അസാന്നിദ്ധ്യം വിവാദമാക്കിയതിന് മാദ്ധ്യമങ്ങള്‍ക്ക് പഴി

Jaihind News Bureau
Saturday, March 8, 2025

മുകേഷ് എങ്ങും പോയിട്ടില്ല. കൊല്ലത്തു തന്നെയുണ്ട് എംഎല്‍എ. ഒടുവില്‍ ജാള്യത മറയ്ക്കുവാനും മുഖം രക്ഷിക്കുവാനും മുകേഷിനെ സിപിഎം സമ്മേളന നഗറിലെത്തിച്ചു.ലൈംഗിക ആരോപണ കേസില്‍ പ്രതിയായ എം.മുകേഷ് എംഎല്‍എയെ സമ്മേളനത്തില്‍ നിന്ന് സിപിഎം മാറ്റിനിര്‍ത്തിയിരിന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ക്ഷുഭിതനായി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് പാര്‍ട്ടി വേദികളില്‍ നിന്ന് സിപിഎം മാറ്റി നിര്‍ത്തിയിരിക്കുന്ന മുകേഷിന് സമ്മേളന നഗറില്‍ വന്നു പോകുന്നതിന് പാര്‍ട്ടി അനുമതി നല്‍കിയത്.

എന്നാല്‍ തന്റെ അസാന്നിദ്ധ്യം വിവാദമാക്കിയതിന് മാദ്ധ്യമങ്ങള്‍ക്കാണ് മുകേഷിന്റെ പഴി. തൊഴില്‍പരമായ തിരക്കുകളില്‍ താന്‍ സ്ഥലത്തില്ലാത്തതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും താന്‍ പ്രതിനിധി അല്ലാത്തതിനാല്‍ സമ്മേളനത്തില്‍ കാര്യമായ റോള്‍ ഇല്ലെന്നും മുകേഷ് പറഞ്ഞു. രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാന്‍ മെമ്പര്‍ അല്ല. അതിന്റെതായ പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് വരാഞ്ഞത്. അടുത്ത മാസം എംഎല്‍എ മാരുടെ ടൂര്‍ ഉണ്ട് ആ സമയത്തും കണ്ടില്ല എന്ന് പറയരുത്. ഇത്രയും ഗംഭീരമായ സമ്മേളനം നടക്കുന്നതിന് കൊല്ലത്തിന് അഭിമാനിക്കാമെന്നും എം മുകേഷ് എംഎല്‍എ പ്രതികരിച്ചു