
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, നില്‍ക്കക്കള്ളിയില്ലാതെ വരുന്ന സി.പി.എം ‘സ്ത്രീ വിഷയങ്ങള്‍’ എടുത്തിടുന്നത് കേരള രാഷ്ട്രീയത്തില്‍ പുതിയ കാര്യമല്ല. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണം ശക്തമാക്കി, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസ് എന്ന ഗുരുതര വിഷയം മറയ്ക്കാന്‍ സി.പി.എം. നടത്തുന്ന ‘പെടാപ്പാട്’ തിരിച്ചറിയാന്‍ പ്രത്യേക ബുദ്ധിയുടെ ആവശ്യമില്ല. ഈ തരംതാഴ്ന്ന നിലപാട് ഇന്ന് ഇടതുമുന്നണിയിലെ അണികള്‍ക്കുള്ളില്‍ പോലും ചര്‍ച്ചയാവുകയാണ്. ‘ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ സ്ത്രീവിഷയമല്ലാതെ മറ്റൊന്നുമില്ലേ?’ എന്ന ചോദ്യം അണികള്‍ പോലും ചോദിച്ചു തുടങ്ങിയിരിക്കുന്നു.
പരാതി ഉന്നയിക്കുന്ന യുവതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണ് കേസെടുത്തത് എന്നതിലും ചോദ്യങ്ങള്‍ നിരവധിയാണ്. കേസെടുത്ത രീതിയും സമയവും സംശയകരമാണ്. ‘മുഖ്യമന്ത്രിയുടെ ഓഫീസാണോ കരുതല്‍ പോലീസ്?’ എന്ന വിമര്‍ശനം ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായി ഉയരുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രം ഒരു ആരോപണത്തിന് അമിത പ്രാധാന്യം നല്‍കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയം ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ സ്ത്രീവിഷയം ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തുന്നത് സി.പി.എമ്മിന് ആദ്യമല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ മോശമാക്കാന്‍ അന്ന് നടത്തിയ അതേ ‘അടവുനയമാണ്’ വര്‍ഷങ്ങള്‍ക്കിപ്പുറവും സി.പി.എം അതേപടി ഉപയോഗിക്കുന്നത്. നിലപാടിന് കാലപ്പഴക്കമുണ്ടെങ്കിലും, നേതാക്കളുടെ ചിന്താഗതിക്ക് ഒരു മാറ്റവുമില്ലെന്നതിന്റെ തെളിവാണ് ഈ നീക്കങ്ങള്‍.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള എത്രയൊക്കെ മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തു വരും. അതിന് സ്ത്രീവിഷയം എന്നല്ല, മറ്റെന്തു വിഷയങ്ങള്‍ കൊണ്ടു വന്നാലും സി.പി.എമ്മിന് രാഷ്ട്രീയമായി രക്ഷയുണ്ടാവില്ല. പിണറായി സര്‍ക്കാരിന്റെ നെറികെട്ട നീക്കങ്ങള്‍ നന്നായി മനസ്സിലാക്കുന്ന പൊതുജനം, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ബാലറ്റിലൂടെ വ്യക്തമായ മറുപടി പറയുമെന്നത് തീര്‍ച്ചയാണ്.