ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന

Jaihind Webdesk
Friday, April 26, 2019

Maithripala-Sirisena

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കൊല്ലപ്പെട്ടതായി ശ്രീലങ്ക. കൊളംബോയിലെ ഷാങ്ഗ്രി-ലാ ഹോട്ടലില്‍ നടന്ന സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന അറിയിച്ചു. നാഷണല്‍ തൌഹീദ് ജമാത് (എന്‍.ടി.ജെ) എന്ന തീവ്രവാദസംഘടനയുടെ നേതാവാണ് സഹ്റാന്‍ ഹാഷിം.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഏകദേശം 253 പേര്‍ മരിച്ചതായും 485 പേര്‍ക്ക് പരിക്കേറ്റതായുമാണ് അന്തിമ കണക്ക്. സ്ഫോടനങ്ങളില്‍ 359 പേര്‍ മരിച്ചു എന്നതരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പിശകാണെന്ന് ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. മരിച്ചവരില്‍  11 ഇന്ത്യക്കാരടക്കം 40 പേര്‍ വിദേശികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ 9 ഭീകരരാണ് ശ്രീലങ്കയില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

നാഷണല്‍ തൌഹീദ് ജമാത് (എന്‍.ഡി.ജെ) എന്ന തീവ്രവാദസംഘടനയെ ഇന്ത്യ നിരീക്ഷിച്ചുവരികയായിരുന്നു. ഐസിസ് ബന്ധത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരില്‍ നിന്നാണ് എന്‍.ടി.ജെ തലവന്‍ സഹ്റാന്‍ ഹാഷിമിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്‍.ഐ.എ ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു. താന്‍ പരിശീലനം നല്‍കിയവരില്‍ ശ്രീലങ്കയില്‍ നിന്നുള്ള സഹ്റാന്‍ മുഹമ്മദുമുണ്ടെന്ന് ഒരു ഐസിസ് പ്രവര്‍ത്തകന്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് എന്‍.ടി.ജെ എന്ന തീവ്രവാദസംഘടനയെ ഇന്ത്യ നിരീക്ഷണത്തില്‍ വെച്ചത്.

ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നിലെ ചാവേറുകളുടേതെന്ന പേരില്‍ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ദൃശ്യങ്ങളില്‍ മുഖം മറയ്ക്കാത്ത ഭീകരന്‍ സഹറാന്‍ മുഹമ്മദ് എന്നയാള്‍ തന്നെയാണ് സഹറന്‍ ഹാഷിം എന്ന് ശ്രീലങ്കന്‍ പൊലീസ് തിരിച്ചറിഞ്ഞു. 2014 ലാണ് എന്‍.ടി.ജെ എന്ന തീവ്രവാദ സംഘടന രൂപംകൊള്ളുന്നത്.