ശ്രീലങ്കയിൽ ഭരണപ്രതിസന്ധി തുടരുന്നു; പ്രധാനമന്ത്രി താൻ തന്നെയെന്ന് വിക്രമസിംഗെ

Jaihind Webdesk
Saturday, October 27, 2018

ശ്രീലങ്കയിൽ ഭരണപ്രതിസന്ധി തുടരുന്നു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയ ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയെ തള്ളി റനിൽ വിക്രമസിംഗെ രംഗത്തുവന്നതോടെയാണ് പ്രധാനമന്ത്രി പദവി സംബന്ധിച്ച ഭരണപ്രതിസന്ധി രൂക്ഷമാകുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട് റനിൽ വിക്രമസിംഗെ അത് അംഗീകരിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് നിലവിൽ ശ്രീലങ്കയിലെ ഭരണപ്രതിസന്ധി തുടരുന്നത്. അപ്രതീക്ഷിത നീക്കത്തിൽ പ്രസിഡന്‍റ് മൈത്രീപാലാ സിരിസേന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗേയ്ക്കുള്ള പിന്തുണ പിൻവലിച്ച ശേഷം മുൻ പ്രസിഡന്‍റ് മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാത്ത വിക്രമസിംഗെ താൻ ഇപ്പോഴും പ്രധാനമന്ത്രി തന്നെയാണെന്നും ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസ് ഒഴിയാൻ തയ്യാറല്ലെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. താൻ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടെന്ന് വിക്രമസിംഗെ പ്രസിഡന്‍റിന് അയച്ച കത്തിൽ വ്യക്തമാക്കുകയും ചെയ്തു.

വിക്രമസിംഗെയുടെ കക്ഷിയുമായി സഖ്യം ചേർന്ന് ഭരണം നടത്തിയിരുന്ന ശ്രീലങ്കൻ പ്രസിഡന്‍റ് സിരിസേനയുടെ സഖ്യമായ യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് വെള്ളിയാഴ്ച സർക്കാരിൽ നിന്ന് പിൻവാങ്ങിയതാണ് ശ്രീലങ്കയിൽ നാടകീയ നീക്കങ്ങൾക്ക് കളമൊരുക്കിയത്. സിരിസേനയുടെ നിർദ്ദേശപ്രകാരം മുൻ പ്രസിഡന്‍റ് മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. റനിൽ വിക്രമസിംഗെയുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും വിക്രമസിംഗെ പ്രധാനമന്ത്രിപദം വിട്ടൊഴിയണമെന്നും രാജപക്‌സെ ആവശ്യപ്പെട്ടു.

https://youtu.be/78QYBdXmlz8