അഭിനന്ദൻ വർധമാനെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും; പരിക്കുകൾ ഗുരുതരമല്ല; വീണ്ടും യുദ്ധവിമാനം പറത്തണമെന്ന് അഭിനന്ദൻ

പാക് പിടിയിൽനിന്നു മോചിതനായി ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്‍റെ ഡീബ്രീഫിങ് തുടങ്ങി. തനിക്ക് എത്രയും വേഗം യുദ്ധവിമാനങ്ങൾ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് അഭിനന്ദൻ പറഞ്ഞതായാണു സൂചന. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമമാണ് ഡീബ്രീഫിങ്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗമാണ് അഭിനന്ദനുമായി സംസാരിച്ചത്. ഇതോടൊപ്പം വ്യോമസേനയുടെ ഉന്നതരും ഡോക്ടർമാരും അദ്ദേഹത്തെ കണ്ടിരുന്നു. ഇവരോടാണ് കോക്പിറ്റിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്.അഭിനന്ദൻ കോക്പിറ്റിലേക്ക് ഉടൻ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങൾ വാർത്താ ഏജൻസികളോട് പറഞ്ഞു. പാകിസ്താനിൽ പീഡനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അഭിനന്ദൻ വളരെ ആവേശത്തിലാണെന്ന് അവർ വ്യക്തമാക്കി.ഇന്നലെ അഭിനന്ദന്റെ വൈദ്യപരിശോധന നടന്നു. ഇത് അടുത്ത ദിവസങ്ങളിലും തുടരും.

Comments (0)
Add Comment