മധുവിന്‍റെ കൊലപാതകത്തിലെ സാക്ഷികളുടെ കൂറുമാറ്റം അന്വേഷിച്ച് നടപടി സ്വീകരിക്കണം: മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind Webdesk
Friday, July 22, 2022

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഇക്കാര്യം അടിയന്തരമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ് ഇത്തരം സംഭവങ്ങള്‍. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും കൂറുമാറിയവർക്കെതിരെയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും കർശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വി.എം സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി,
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്ന അതീവഗുരുതരമായ സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
നേരത്തേനല്‍കിയ മൊഴികള്‍ക്കു വിരുദ്ധമായി ഇപ്പോള്‍ കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നിലുള്ളത് കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണെന്നതില്‍ സംശയമില്ല.
നമ്മുടെ നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ് ഇത്തരം സംഭവങ്ങള്‍. അതുകൊണ്ട് അതീവ ഗൗരവത്തോടെ ഈ സ്ഥിതിവിശേഷത്തെ കാണേണ്ടിയിരിക്കുന്നു.
എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണം. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
അതോടൊപ്പംതന്നെ പ്രസ്തുത കേസ്സ് കുറ്റമറ്റ നിലയില്‍ ഫലപ്രദമായി നടത്താനും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനും കഴിയണം. ഇക്കാര്യത്തില്‍ നിയമവിദഗ്ദ്ധന്മാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് താല്‍പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി