കൊടിക്കുന്നില്‍ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ആലപ്പുഴയില്‍ പര്യടനം പൂര്‍ത്തിയാക്കി

Jaihind Webdesk
Wednesday, November 14, 2018

Kodikkunnil-Yathra-5

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര അഞ്ചാം ദിനം ആലപ്പുഴയിൽ പൂർത്തിയാക്കി പത്തനംതിട്ടയിലേക്ക് പ്രവേശിച്ചു. ചെങ്ങന്നൂരിൽ നിന്നും രാവിലെ കെ.പി.സി സി ജനറൽ സെക്രട്ടറി ബാബുപ്രസാദ് ആണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

അഞ്ച് ദിവസത്തെ പദയത്രയുടെ അവശതകൾ ഒന്നും ഇല്ലാതെ ജാഥാ നായകന്‍ കൊടിക്കുന്നിൽ സുരേഷും, ഡി.സി.സി പ്രസിഡന്‍റ് എം ലിജുവും ആലപ്പുഴ ജില്ലയിലെ അവസാന ദിവസത്തെ ജാഥ നയിച്ചപ്പോൾ പദയാത്രയിലേക്ക് ആയിരക്കണക്കിന് പേർ ഒഴുകി എത്തി. രാവിലെ ചെങ്ങന്നൂരിൽ കണ്ട ആവേശവും തിരക്കും ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ മാന്തുകയിൽ എത്തിയപ്പോഴും തെല്ലും ചോർന്നിരുന്നില്ല. മാന്തുകയിൽ പത്തനംതിട്ട സി.സി സി ഭാരവാഹികൾ ചേർന്ന് ജാഥയെ സ്വീകരിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിലേക്ക് കടന്ന പദയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

പത്തനംതിട്ടയിലെ ആദ്യ സ്വീകരണം കുളനടയിൽ നടന്നു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പദയാത്ര പന്തളത്തെ സമാപന വേദിയിലേക്ക് എത്തിച്ചേർന്നു. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു.
ശബരിമല വിഷയത്തിൽ കോൺഗ്രസിന് ഉറച്ച നിലപാട് ഉണ്ടെന്നും യു.ഡി.എഫ് കേരളം ഭരിച്ചിരുന്നു എങ്കിൽ ശബരിമല വിഷയം ഉണ്ടാകുമായിരുന്നില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നിലപാട് ആണ് സുപ്രീം കോടതി വിധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാപന സമ്മേളനത്തിൽ വിവിധ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും സംസാരിച്ചു.