സമരവേദിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാല്‍ തൊട്ട് അപേക്ഷിച്ച് ഉദ്യോഗാർത്ഥികള്‍ | VIRAL VIDEO

Jaihind News Bureau
Monday, February 15, 2021

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാല്‍തൊട്ട് അപേക്ഷിച്ച് ഉദ്യോഗാർത്ഥികള്‍. പിണറായി സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം.

ഉമ്മന്‍ ചാണ്ടി സമരവേദിയിലെത്തിയപ്പോള്‍ ആശ്രയമെന്നപോലെയായിരുന്നു ഒരുകൂട്ടം യുവാക്കള്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണത്. അപ്രതീക്ഷിതമായ സംഭവത്തില്‍ ആദ്യം ഏവരും ആദ്യം അമ്പരന്നു. പിടിച്ച് എഴുന്നേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴും യുവാക്കൾ അപേക്ഷ തുടരുകയായിരുന്നു. ഉദ്യോഗാർത്ഥികളുടെ പരാതിയും പ്രശ്നങ്ങളും മുഴുവനായി കേട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനോട്‌ ഇടതുസർക്കാർ കാണിക്കുന്നത് ക്രൂരതയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗാർഥികളോട് ചർച്ചയ്ക്ക് പോലും തയാറാകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാരിന്‍റെ യുവജനവഞ്ചനക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എം.എല്‍.എമാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും കെ.എസ് ശബരീനാഥനെയും അദ്ദേഹം സന്ദർശിച്ചു.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നവരുടെ നിസഹായതയും നൊമ്പരവുമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധമായി മാറിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ ദൃശ്യങ്ങള്‍.

 

https://www.youtube.com/watch?v=dSphW7eMur4