സംഗീതലോകത്തെ മാസ്മരിക പ്രതിഭയായിരുന്നു ബാലഭാസ്‌കർ. കാൽ നൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീത വേദികളിൽ വെളിച്ചം പകർന്നു നിന്ന ഉദയസൂര്യൻ ആണ് മറഞ്ഞത്.
തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ സി.കെ ഉണ്ണി-ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കറിന് വഴികാട്ടിയായത് അമ്മാവൻ ബി ശശികുമാർ ആയിരുന്നു. എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ പൊതുവേദിയിലെത്തിയ ബാലപ്രതിഭ.
12-ാം വയസിലാണ് ബാലഭാസ്‌കർ ആദ്യമായി വയലിനുമായി സ്റ്റേജിലെത്തിയത്. 5 വർഷം തുടർച്ചയായി കേരള സർവകലാശാല യുവജനോത്സവത്തിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കർ പതിനേഴാം വയസിൽ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. തുടർന്ന് കണ്ണാടിക്കടവത്ത്, മോക്ഷം, പാഞ്ചജന്യം, പാട്ടിന്റ പാലാഴി തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കി.
ഈസ്റ്റ്‌കോസ്റ്റുമായി കൈകോർത്ത് നിനക്കായ്, ആദ്യമായ് എന്നീ ആൽബങ്ങളിലൂടെ പേക്ഷക ഹൃദയങ്ങളിൽ പ്രണയാതുര സംഗീതം പകർന്നു. ഇലക്ട്രിക് വയലിനിലൂടെയും ഫ്യൂഷൻ മ്യൂസിക്കിലൂടെയും യുവതലമുറയ്ക്ക് ചടുലസംഗീതം പകരുമ്പോൾത്തന്നെ ശാസ്ത്രീയമായ സംഗീതക്കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രം പടിഞ്ഞിരിക്കാനും ബാലഭാസ്‌കർ ശ്രദ്ധിച്ചു. ഫ്യൂഷൻ സംഗീതത്തിന്റെ സ്വാതന്ത്യത്തോടൊപ്പം ശാസ്ത്രീയ സംഗീതത്തിന്റെ ചട്ടക്കൂടിലും അദ്ദേഹം തിളങ്ങിയിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്താണ് ബാലഭാസ്‌കറും ലക്ഷ്മിയും പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് 22-ാം വയസിലായിരുന്നു വിവാഹം. യൂണിവേഴ്‌സിറ്റി കോളേജിൽ എം.എ സംസ്‌കൃതം അവസാന വർഷ വിദ്യാർഥിയായിരുന്നു ബാലഭാസ്‌കർ. ലക്ഷ്മി എം.എ വിദ്യാർഥിനിയും. കോളേജ് സുഹൃത്തുക്കളുമായി ചേർന്ന ബാൻഡ് രൂപീകരിച്ചു. പരമ്പരാഗത ശൈലി കൈവിടാതെ പാശ്ചാത്യ സംഗീതത്തെയും ഒപ്പം നിർത്തിയായിരുന്നു പരീക്ഷണം.
ഗാനഗന്ധവൻ കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി പരിപാടികളില്‍ ബാലഭാസ്‌കറെന്ന വിസ്മയം തിളങ്ങി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മകൾ തേജസ്വിനി ഇരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ബാലലീലയെന്ന ബാൻഡുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്. ഇനി ഫ്യൂഷൻ സംഗീതത്തിൽ വിസ്മയം തീർക്കാൻ ആ മാന്ത്രികവിരലുകളില്ല.