കണ്ണൂർ തലശേരിയിൽ സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചർച്ചയ്ക്ക് ശേഷവും അക്രമങ്ങൾ തുടരുന്നു. എൻ.ജി.ഒ യൂണിയൻ നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. പാട്യത്ത് ബി.ജെ.പി ഓഫിസ് അക്രമികൾ തകർത്തു. സംഘർഷത്തെ തുടർന്ന് തലശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നാളെ വരെയാണ് തലശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷവും സംഘർഷം ഉണ്ടായതിനെ തുടർന്നാണ് പൊലീസ് നടപടി.ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർ പരസ്പരം ആക്രമണങ്ങൾ നടത്തിയത് സമാധാന ശ്രമങ്ങൾക്ക് മങ്ങലേൽപിച്ചു. തലശേരിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെയെയും അക്രമങ്ങൾ അരങ്ങേറി. ഇരു പാർട്ടി പ്രവർത്തകരും തമ്മിലുള്ള അക്രമങ്ങള്‍ അവസാനിപ്പിച്ച് ജില്ലയിൽ പൂർണമായി സമാധാനം ഉറപ്പാക്കാൻ സമാധാനയോഗത്തിൽ ധാരണയായിരുന്നു.
എന്നാൽ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് യുവമോർച്ചാ നേതാവിന്‍റെ വീടിന് നേരെ ബോംബേറുണ്ടായത്. യുവമോർച്ചാ തലശേരി മണ്ഡലം പ്രസിഡന്‍റ് റിതിന്‍റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമത്തിൽ വീടിന്‍റെ ജനൽ ചില്ല് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊളശേരിയിൽ എൻ.ജി.ഒ യൂണിയൻ നേതാവിന്‍റെ വീടിന് ബോംബേറിഞ്ഞു. എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിലർ പി വിമൽ കുമാറിന്‍റെ കൊളശേരി വാവാച്ചി മുക്കിലെ വീടിനാണ് ബോംബെറിഞ്ഞത്. ബോബേറിൽ വീടിന്‍റെ മുൻവശത്തെ സിറ്റൗട്ടും ജനൽ ഗ്ലാസുകളും തകർന്നു. ബി.ജെ.പിയുടെ പാട്യം പത്തായക്കുന്നിലെ ഓഫീസിന് നേരെയും അക്രമം നടന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ഓഫീസിന് നേരെ ഒരു സംഘം കല്ലെറിയുകയായിരുന്നു. ഓഫിസിന്‍റെ ജനൽചില്ലുകൾ തകർന്നു. ജില്ലയിൽ രണ്ട് ദിവസത്തേക്ക് സി.പി.എം, ബി.ജെ.പി പ്രകടനങ്ങൾ നടത്തില്ലെന്ന് ഉഭയകക്ഷി യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ അക്രമങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് വീണ്ടും അക്രമം അരങ്ങേറിയത്. തലശേരി മേഖലയിൽ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ അധിക പൊലീസ് വിന്യാസം തുടരുകയാണ്.