യുവതീപ്രവേശം: ‘നവോത്ഥാന നായകർ’ ചമഞ്ഞ് സിപിഎം; ‘സുവർണ്ണാവസരം’ മുതലാക്കാൻ ബിജെപി; തെരുവിൽ പോര് തുടരുന്നു

Jaihind Webdesk
Thursday, January 3, 2019

CPM-BJP-Sabarimala

ശബരിമല യുവതീപ്രവേശത്തെ ചൊല്ലി സംസ്ഥാനത്ത് തെരുവിൽ സി.പി.എം – ബി.ജെ.പി പോര് തുടരുന്നു. യുവതീപ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് ശബരിമല കർമ്മസമിതിയും ബി.ജെ.പിയും നടത്തുന്ന ഹർത്താലിലാണ് വ്യാപക അക്രമം അരങ്ങേറുന്നത്. ബി.ജെ.പി – സംഘപരിവാർ പ്രവർത്തകർ നടത്തുന്ന ഹർത്താലിനെ പ്രതിരോധിക്കാൻ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങിയതോടെയാണ് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർന്നത്. നിലവിൽ ശബരിമല വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ച് നേട്ടം കൊയ്യാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.

ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താലിനെ എതിർത്ത് വ്യാപാരികൾ രംഗത്തു വന്നിരുന്നു. പൊലീസ് സംരക്ഷണത്തോടെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു അവരുടെ തീരുമാനം. ഇതനുസരിച്ച് രാവിലെ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നതോടെ സംഘടിച്ചെത്തിയ ബി.ജെ.പി – സംഘപരിവാർ പ്രവർത്തകർ കല്ലെറിഞ്ഞു തകർത്തു. അക്രമസംഭവങ്ങളെ തുടർന്ന് 60 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം നടന്ന മിഠയിത്തെരുവിൽ കളക്ടർ ശ്രീറാം സാബശിവ റാവു സന്ദർശനം നടത്തി. തിരുവനന്തപുരം, പാലക്കാട്, പന്തളം, കണ്ണൂർ, പത്തനംതിട്ട എന്നിവിടങ്ങളിലും ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനെതിരെ സംഘപരിവാർ കയ്യൂക്കും അക്രമവും കാട്ടി രംഗത്തിറങ്ങിയപ്പോൾ സംസ്ഥാനം കലാപകലുഷിതമാവുകയാണ്.

യുവതീപ്രവേശന വിഷയത്തിൽ പാലക്കാട് നടന്ന ബിജെപി – സംഘപരിവാർ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും നേരെ ആക്രോശം മുഴക്കിയെത്തിയ പ്രകടനത്തിനു നേരെ സി.പി.എം ഓഫീസിൽ നിന്നും കല്ലേറുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള ദേശീയ പണിമുടക്ക് സ്വാഗതസംഘം ഓഫീസിനു നേരെയായിരുന്നു സംഘപരിവാറിന്‍റെ അക്രമം. യുവതീപ്രവേശന വിഷയത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സമാധാനപരമായി കരിദിനാചരണം നടക്കുന്നതിനിടയിലാണ് തൊട്ടപ്പറുത്ത് അക്രമം അരങ്ങേറിയത്. സ്വാഗതസംഘം ഓഫീസ് ബി.ജെ.പിക്കാർ അടിച്ചു തകർത്തതോടെ പൊലീസ് ലാത്തി വീശി. ഇത്തേുടർന്ന് പ്രവർത്തകർ ചിതറിയോടി.

കണ്ണൂരിൽ ദിനേശ് ബീഡി കമ്പനിക്ക് സമീപം സംഘപരിവാർ പ്രവർത്തകർ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ സംഘടിച്ചെത്തിയ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിരോധത്തിന് തയ്യാറെടുത്തതോടെ പൊലീസ് ഇടപെട്ടു. നിലവിൽ സംഘർഷത്തിന് അയവ് വന്നിട്ടില്ല. സി.പി.എം – ബി.ജെ.പി രാഷ്ട്രീയസംഘർഷങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച കണ്ണൂരിൽ ഏറെക്കാലമായി സാമാധാനം പുലരുകയായിരുന്നു. യുവതീപ്രവേശത്തോടെ കണ്ണൂരും വീണ്ടും സംഘർഷഭരിതമായി. പലയിടത്തും രാവിലെ മുതൽ തന്നെ മാരകായുധങ്ങളുമായി തെരുവിലിറങ്ങിയ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ പലയിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ്.