ശബരിമല വിഷയം പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയതിന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് ഓഫീസർ നോട്ടീസ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ചാണ് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസറുടെ ചുമതലയുള്ള ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനത്ത് നടന്ന എൻ.ഡി.എ കണ്‍വൻഷനിൽ വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. അയ്യൻ വികാരമാണെങ്കില്‍ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്‍റെ ഭക്തർ നൽകും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി കൺവെൻഷനിൽ പ്രസംഗിച്ചത്.
ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കാണിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണം തുടക്കത്തിൽ തന്നെ സ്ഥാനാർത്ഥി വിവാദങ്ങളിൽ അകപ്പെട്ടതിൽ അസ്വസ്ഥരായിരിക്കുകയാണ് തൃശൂരിലെ എൻ.ഡി.എ.