ഇന്ന് വിജയദശമി; ലക്ഷക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിയ്ക്കുന്നു

ഇന്ന് വിജയദശമി. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇന്ന് ലക്ഷക്കണക്കിന് കുരുന്നുകളാവും ആദ്യാക്ഷരം കുറിയ്ക്കുക.

നവരാത്രിയിലെ ഒമ്പതാം നാളായ മഹാനവമിക്കുശേഷം ഇന്ന് വിജയദശമി. ദുർഗാദേവി മഹിഷാസുരനെ വധിച്ച് വിജയംവരിച്ച ദിനമെന്നാണ് സങ്കൽപം. തിന്മയ്ക്ക് മേൽ നന്മയുടെ വിജയമുണ്ടായ ദിവസമായതിനാൽ വിദ്യാരംഭത്തിനും സകലകലകളുടെയും അഭ്യാസത്തുടക്കത്തിനും പറ്റിയ ഒരു സന്ദർഭമായി ഇതിനെ പരിഗണിച്ചുപോരുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പേരുകേട്ട കൊല്ലൂർ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻസ്മാരകം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആചാര്യൻമാരുടെ മടിയിലിരുത്തുന്ന കുരുന്നിന്‍റെ വിരൽപിടിച്ച് ഉണക്കലരിയിലോ മണലിലോ ആവും വിദ്യാരംഭം നടത്തുക.

നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിവിധ ചടങ്ങുകളുണ്ടാകും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയുമുണ്ട്. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ദുർഗാഷ്ടമിക്ക് തലേദിവസംതന്നെ ക്ഷേത്രങ്ങളിലും മറ്റും പൂജവെപ്പ് നടന്നു. ആയുധങ്ങളും പുസ്തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാർഗവുമായി ബന്ധമുള്ള ഉപകരണങ്ങൾ ദേവിയുടെ സമക്ഷം സമർപ്പിച്ച് പൂജിച്ചശേഷം ഇന്ന് പുറത്തെടുക്കും.

Comments (0)
Add Comment