ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: ‘സ്ത്രീസുരക്ഷയും ജനമൈത്രിയും വെറും പ്രഹസനം’; ആഭ്യന്തര വകുപ്പ് പരാജയമെന്നും വി.ഡി. സതീശന്‍

Jaihind News Bureau
Thursday, December 18, 2025

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘ഇതാണോ നിങ്ങളുടെ സ്ത്രീസുരക്ഷയും ജനമൈത്രി പൊലീസും?’ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയും സര്‍ക്കാരും പൂര്‍ണ്ണ പരാജയമാണെന്നും കുറ്റപ്പെടുത്തി.

കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയെ എസ്.എച്ച്.ഒ മര്‍ദ്ദിച്ച സംഭവം കേരള പൊലീസിന്റെ കൊടുംക്രൂരതയാണ് വെളിപ്പെടുത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മര്‍ദ്ദനത്തിന് പിന്നാലെ യുവതിക്കെതിരെ കള്ളക്കേസെടുത്തത് അധികാര ദുരുപയോഗമാണ്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദ്ദിച്ചതിന് സമാനമായ സംഭവങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിനും സി.പി.എമ്മിലെ ക്രിമിനല്‍-മാഫിയ കൂട്ടുകെട്ടിനും പോലീസ് നിയന്ത്രണം അടിയറവ് വെച്ചതിന്റെ ദുരന്തഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ഒന്‍പതര വര്‍ഷമായി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ടി.പി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്ന ഡി.ഐ.ജിമാര്‍ വരെ ഈ വകുപ്പിന് കീഴിലുണ്ടെന്നത് നാണക്കേടാണെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

‘ധൂര്‍ത്തിനും അഴിമതിക്കും പുറമെ ജനങ്ങളെ തല്ലിച്ചതയ്ക്കാനും സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നു. പൊലീസിലെ ക്രിമിനലുകള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നത്? ഇവരെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്.’ – വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഗര്‍ഭിണിയെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പൊലീസിലെ ക്രിമിനല്‍ വല്‍ക്കരണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.