‘സമരത്തെ ചോരയില്‍ മുക്കാനാണ് ശ്രമമെങ്കില്‍ ബംഗാളിലെ സിപിഎമ്മിന്‍റെ അവസ്ഥയാകും കേരളത്തിലും’

കൊച്ചി: കെ റെയിലിനെതിരായ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്‍റെ ശ്രമമെങ്കിൽ ബംഗാളിലെ സിപിഎമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ റെയിൽ വിരുദ്ധ സമരമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

ചങ്ങനാശേരി മാടപ്പള്ളിയില്‍ പ്രതിഷേധത്തിനിടെ കുഞ്ഞിന്‍റെ മുന്നിലിട്ട് അമ്മയെ വലിച്ചിഴച്ച സംഭവമുണ്ടായപ്പോള്‍ ഇവിടുത്തെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും എവിടെപ്പോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷമാണ് യുഡിഎഫ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന സമയത്ത് ഗെയിലിനെതിരെ സമരം ചെയ്തവരാണ് സിപിഎം. ഭൂമിക്കടിയിലെ ബോംബാണ് ഗെയിലെന്ന് പറഞ്ഞ ഒരാൾ ഇന്ന് മന്ത്രിസഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സില്‍വർലൈന്‍ കല്ലിടലിനെതിരെ ഉയരുന്ന അതിശക്തമായ ജനവിരുദ്ധവികാരത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. പദ്ധതി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.  സില്‍വർ ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.

Comments (0)
Add Comment