വിസി നിയമനത്തില്‍ മന്ത്രിയുടെ ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനം; ആര്‍.ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്

Jaihind Webdesk
Monday, December 4, 2023


കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭാ പാസാക്കിയ നിയമത്തില്‍ വി.സി നിയമനത്തില്‍ പ്രൊചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി ആര്‍ ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിതയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.തന്റെ കടമകള്‍ ഭയമോ, പ്രീതിയോ, വാത്സല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിര്‍വഹിക്കുമെന്നും, ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കും എന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടല്‍ നടത്തി എന്ന കോടതിയുടെ കണ്ടെത്തല്‍ അതീവ ഗൗരവമേറിയതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി ആര്‍ ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.