‘നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണം, അവരെ ചേര്‍ത്തുപിടിക്കണം’: വി ഡി സതീശന്‍

Jaihind News Bureau
Monday, March 16, 2026

സി.പി.എമ്മിന്റെ ജനവിരുദ്ധ നയങ്ങളില്‍ മനംമടുത്ത ‘നല്ല കമ്മ്യൂണിസ്റ്റുകാരെ’യും ഇടതുപക്ഷ സഹയാത്രികരെയും യു.ഡി.എഫ് വേദിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത്തരക്കാരെ ചിരിയോടെയും ആദരവോടെയും ചേര്‍ത്തുപിടിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കി.

ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് സതീശന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നത് കേരളത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നവര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള്‍ ചിരിക്കണം. അവരെ ചേര്‍ത്തുപിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു.ഡി.എഫിനെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കാര്യം പലവട്ടം പറഞ്ഞതാണ്,’ വി.ഡി. സതീശന്‍ പോസ്റ്റില്‍ കുറിച്ചു. സി.പി.എമ്മിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ക്കും സഹയാത്രികര്‍ക്കും യു.ഡി.എഫിന്റെ വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമില്‍ ഒത്തുചേരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേവലം ഒരു മുന്നണിയെന്നതിലുപരി, കേരളത്തിന്റെ വികസനവും ജനാധിപത്യവും കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായി യു.ഡി.എഫ് മാറിയിരിക്കുന്നു. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നവരെ അര്‍ഹിക്കുന്ന ആദരവോടെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം. അവരുടെ പിന്തുണയും വോട്ടും യു.ഡി.എഫിനാണെന്നും, വരും ദിവസങ്ങളില്‍ രാഷ്ട്രീയ മേഖലയില്‍ വിസ്മയങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.