18 വയസിന് മുകളിലുള്ളവർക്ക് വാക്സിന്‍ ; രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതൽ

ന്യൂഡല്‍ഹി : 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷൻ ശനിയാഴ്ച (ഏപ്രിൽ 24) മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിൻ പോർട്ടല്‍ വഴിയാണ് രജിസ്ട്രേഷൻ. 18 വയസിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതലാണ് വാക്സിൻ നൽകിത്തുടങ്ങുക.

കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയ്ക്ക് പുറമെ റഷ്യന്‍ വാക്‌സിനായ സ്പുട്നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ 45 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ ലഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളികൾക്കും പ്രായ നിയന്ത്രണമില്ലാതെയും ലഭിക്കുന്നുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാകാന്‍ കൂടുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിന് കോവിന്‍ പ്ലാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകിയാകും 18 വയസിന് മുകളിലുള്ളവരിലേക്ക് കുത്തിവെപ്പ് വ്യാപിപ്പിക്കുന്നത്.

വാക്സിൻ നേരിട്ടു വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റ് സംരംഭങ്ങൾക്കുമെല്ലാം വാക്സിൻ നേരിട്ടു വാങ്ങാനാകും. കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക. രാജ്യത്തെ മറ്റൊരു വാക്സിൻ നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് തങ്ങളുെട കോവാക്സിന്‍റെ വിലയെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മേയ്‌മുതൽ ഉണ്ടാവില്ല. നിർമാതാക്കളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നേരിട്ട് വാക്സിൻ വാങ്ങി കുത്തിവെപ്പ് നടത്താം. ജനുവരി 16 നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്.

Comments (0)
Add Comment