വിഷ മനസിന് ജീവപര്യന്തം; ഉത്ര വധക്കേസ് പ്രതി സൂരജിന് വധശിക്ഷയില്ല

 

കൊല്ലം : സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ക്രൂരമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി സൂരജിന്  ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് ആറാം കോടതി ജഡ്ജി എം മനോജാണ് ശിക്ഷ വിധിച്ചത്. ദാരുണവും പൈശാചികവും വിചിത്രവുമായ അപൂർവങ്ങളിൽ അത്യപൂർവമായ കൊലപാതകമാണിതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ശിക്ഷ സംബന്ധിച്ച അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു.

ആദ്യം 17 വര്‍ഷത്തെ ജയില്‍ ശിക്ഷയും തുടർന്ന് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷാവിധി. പ്രതിയുടെ പ്രായവും മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് കണ്ടെത്തിയത്.

Comments (0)
Add Comment