പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യു.എസും യു.കെയും ഫ്രാൻസും സംയുക്തമായി വീണ്ടും ആവശ്യപ്പെട്ടു. യു.എന്നിൽ ഇന്ത്യ പതവണ ഉന്നയിച്ചിരുന്ന ഈ ആവശ്യം പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ആവർത്തിച്ചിരിക്കുന്നത്.
പാകിസ്ഥാന് മേൽ സമ്മർദം ശക്തമാക്കിക്കൊണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വൻശക്തികളായ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഇന്നലെ യു.എൻ രക്ഷാസമിതിയിൽ പുതിയ പ്രമേയം അവതരിപ്പിച്ചു. മുമ്പ് രക്ഷാസമിതിയിൽ സമാന പ്രമേയം വന്നപ്പോഴെല്ലാം പാകിസ്ഥാന്‍റെ പക്ഷത്ത് നിന്നുകൊണ്ട് ചൈന അതിനെ വീറ്റോ ചെയ്തിരുന്നു.
അതേസമയം ഇന്ത്യയ്ക്ക് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത് വന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയും പാകിസ്ഥാനും സംഘർഷം ലഘൂകരിക്കാൻ നടപടികൾ എടുക്കണമെന്ന് ജപ്പാൻ, കാനഡ, ആസ്ട്രേലിയ എന്നീരാജ്യങ്ങൾ ഇന്നലെ അഭ്യർഥിച്ചു. ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ മസൂദ് അസ്ഹറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കൾ മരവിപ്പിക്കും എന്നതിന് പുറമേ ആയുധവിലക്കും ഉണ്ടാകും. ബുധനാഴ്ചയാണ് യു.എന്നിലെ സ്ഥിരാംഗങ്ങളായ യു.എസും യു.കെയും ഫ്രാൻസും ആവശ്യം ആവർത്തിച്ച് രക്ഷാസമിതിയെ സമീപിച്ചത്. പത്തുവർഷത്തിനിടെ നാലാംതവണയാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്.