വയനാട് ദേശീയപാതാ സമരം: തിരിഞ്ഞുനോക്കാതെ ഭരണപക്ഷം; പ്രതിഷേധം

Jaihind Webdesk
Thursday, October 3, 2019

ബന്ദിപൂർ വനത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത 766 പൂർണമായും അടക്കുന്നതിരെ സമരം ശക്തമാകുമ്പോഴും സമരത്തെ തിരിഞ്ഞു നോക്കാൻ തയാറാവാതെ വയനാട്ടിൽ നിന്നുള്ള രാജ്യസഭാ എം.പി യും ഭരണപക്ഷ എം.എൽ.യും. അയൽ സംസ്ഥാനത്ത് നിന്നുവരെ സമരത്തിന് പിന്തുണയുമായി ജനങ്ങൾ എത്തുമ്പോൾ മാനന്തവാടി എം.എൽ.എ കേളുവും രാജ്യസഭാ എം.പി വീരേന്ദ്രകുമാറും സമരത്തെപിന്തുണച്ച് പത്രക്കുറിപ്പ് പോലും ഇറക്കാൻ തയാറാവാത്തതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമാണുള്ളത്.

ബന്ദിപൂർ വനത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത 766 പൂർണമായും അടച്ചിടുന്നതോടെ വയനാട് തീർത്തും ഒറ്റപ്പെടും. അതുകൊണ്ട് തന്നെ ഈ നീക്കത്തിനെതിരെ ദിവസവും കൽപറ്റ, മാനന്തവാടി ഭാഗത്തുനിന്നും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് ബത്തേരിയിലെ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തുന്നത്. എന്നാൽ ഭരണ പക്ഷത്തുള്ള മാനന്തവാടി എം.എൽ.എ കേളുവും വയനാടിന്‍റെ രാജ്യസഭാ എം.പി, എം.പി വിരേന്ദ്രകുമാറും ഇതുവരെ സമരപ്പന്തൽ സന്ദർശിക്കാനോ സമരത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കാനോ തയാറായിട്ടില്ല.

വയനാടിന്‍റെ നിലനിൽപിനെ തന്നെ ബാധിക്കുന്ന യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ ജീവന്മരണ പോരാട്ടം നടക്കുമ്പോൾ വയനാടൻ ജനതയെ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ ഇനിയും വേണമോ എന്ന് ജനങ്ങൾ തന്നെ തീരുമാനിക്കണം.