ഷാര്‍ജയില്‍ കെട്ടിട ബാല്‍ക്കണിയില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പതിനായിരം രൂപ പിഴ !

Tuesday, August 20, 2019

ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പതിനായിരം രൂപ ( 500 ദിര്‍ഹം ) പിഴ അടയ്ക്കണമെന്ന് ഉത്തരവ്. ഷാര്‍ജ നഗരത്തിന്‍റെ ശുചിത്വവും ഭംഗിയും സുസ്ഥിരമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതനുസരിച്ച്, ഷാര്‍ജയിലെ താമസക്കാര്‍, കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടിയ്ക്ക് വിധേയമാകും. ആദ്യഘട്ടത്തില്‍ 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.

ഷാര്‍ജ നഗരത്തിന്‍റെ പ്രകൃതിദത്തമായ പ്രതിച്ഛായയെ സുസ്ഥിരമായി സംരക്ഷിക്കാന്‍ ഇത്തരം കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി നഗര ശുചിത്വ നിയന്ത്രണ വിഭാഗം വ്യക്തമാക്കി. ഇത്തരത്തില്‍ ഉയരം കൂടിയ കെട്ടിടങ്ങളിലെ താമസക്കാര്‍, നിയമങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരുകയാണ്. ഈ നിയമവിരുദ്ധ നടപടിക്കെതിരെ മുന്നറിയിപ്പ് നല്‍കാന്‍ കെട്ടിടങ്ങളില്‍ പോസ്റ്ററുകളും മറ്റും സ്ഥാപിക്കണമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.