പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്ന് ക്ലാസ്സുകൾ പുനരാരംഭിക്കും

Jaihind News Bureau
Monday, July 22, 2019

University-College-Trivandrum

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് ക്ലാസ്സുകൾ പുനരാരംഭിക്കും. പുതിയ സ്ഥിരം പ്രിൻസിപ്പളിന്‍റെ കീഴിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അതേസമയം, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച പ്രതിഷേധങ്ങൾ തുടരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി ശ്രദ്ധാകേന്ദ്രമായി മാറിയ യൂണിവേഴ്‌സിറ്റി കോളേജ്, പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് തുറക്കും. ഇക്കഴിഞ്ഞ 12 നായിരുന്നു കോളേജിൽ വിദ്യർത്ഥിക്കു നേരെ വധശ്രമവും സംഘർഷവും ഉണ്ടായത്. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര അന്തരീക്ഷം കോളേജിൽ ഉറപ്പുവരുത്തുമെന്നുമുളള അധികൃതരുടെ ഉറപ്പിന്മേലാണ് ഇന്ന് ക്ലാസുകൾ പുനരാരംഭിക്കുന്നത്. അതേ സമയം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നുയർന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലും ഇവിടെ ക്രമസമാധാനം ഉറപ്പിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യുടെ കൊടിമരങ്ങളും ചുവരെഴുത്തുകളും പൂർണമായും നീക്കം ചെയ്യാൻ കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് ഈ നിർദേശം പാലിക്കാൻ കോളേജ് അധികൃതർക്ക് സാധിച്ചിട്ടില്ല. വധശ്രമക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഉത്തരക്കടലാസിന്‍റെ വിശദാംശങ്ങൾ പോലീസിന് കൈമാറാനും പ്രിൻസിപ്പാൽ തയ്യാറായിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ സ്ഥിരം പ്രിൻസിപ്പാളിനെയും നിയമിച്ചിട്ടുണ്ട്. വലിയ പൊലീസ് സുരക്ഷയിലാണ് കോളേജ് തുറക്കുന്നത്. അതേസമയം, യൂണിവേഴ്‌സിറ്റി-പിഎസ് സി പരീക്ഷാക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ടുളള വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്.

https://youtu.be/2bM-9Rofpgc