രണ്ടാം മോദി സർക്കാരിന് വേണ്ടി നിർമല സീതാരാമൻ അവതരിപ്പിച്ച രണ്ടാം ബജറ്റ് നിർമലമല്ല എന്നാണ് ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്നത്. സാധാരണ ജനത്തിന് മോദി സർക്കാരിന്റെ ബജറ്റ് ഫലത്തിൽ ഇരുട്ടടി തന്നെ.
ഗാർഹിക നിർമാണ മേഖലയിൽ വൻ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണ് ബജറ്റ്. ഇരുമ്പിനും, സ്റ്റീലിനും, ചെമ്പുകമ്പിക്കും നികുതി ഇരട്ടിയാക്കിക്കൊണ്ടാണ് നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന നിർമാണ മേഖലയ്ക്ക് ഇത് കനത്ത തിരിച്ചടിയാണ് നൽകുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും, കൂടിയാകുമ്പോൾ ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.
ഇതോടൊപ്പം മെഡിക്കൽ ഉപകരണങ്ങൾക്കും തീരുവ കൂട്ടിയത് സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർക്ക് കൂടുതൽ തുക നൽകേണ്ട അവസ്ഥയും സംജാതമാകും. ഇറുക്കുമതി ചെയ്യുന്ന മൊബൈൽ ഫോണിനും, ഇലക്ട്രിക് വാഹനങ്ങൾക്കും തീരുവ കൂട്ടിയിട്ടുണ്ട്. ചെരുപ്പിനും, പതിവുപോലെ പുകയില ഉൽപ്പന്നങ്ങള്‍ക്കും നികുതി വർധിച്ചിട്ടുണ്ട്. ബജറ്റിൽ കേരളത്തിലെ പദ്ധതി വിഹിതങ്ങളിലും കുറവാണ് ലഭിക്കുക, അതോടൊപ്പം സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 20,208 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ നികുതി വിഹിതമെങ്കിൽ ഇത്തവണ അത് 15,236 കോടി രൂപയായി കുറഞ്ഞു. റബർ ബോർഡ്, കോഫി ബോർഡ്, ടീ ബോർഡ്, സ്പൈസസ് ബോർഡ്, കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയുടെ പദ്ധതി വിഹിതവും കുറവാണ് ലഭിക്കുക.
വില കൂടുന്നവ : ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണിച്ചര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാള് ഫാനുകള്‍ ഇവയുടെ കസ്റ്റംസ് തീരുവ കൂട്ടി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് സെസ് ഏർപ്പെടുത്തി. ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങളുടെ തീരുവ ഇരട്ടിയാക്കി, സിഗരറ്റ്, പുകയില ഉല്പന്നങ്ങള്ക്ക് എക്സൈസ് ഡ്യൂട്ടി കൂട്ടി, ബീഡിക്ക് മാറ്റമില്ല.
വില കുറയുന്നവ : ന്യൂസ് പ്രിന്റിന്റെ ഇറക്കുമതി തീരുവ പകുതിയാക്കി, പഞ്ചസാര, സ്കിംഡ് മില്‍ക്, ചിലയിനം മദ്യങ്ങള്‍, സോയ എന്നിവയുടെ തീരുവ ഒഴിവാക്കി. പുതിയ ബജറ്റിൽ കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചു. ഉല്പാദനമേഖലയിലെ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം അടച്ചാൽ മതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.