ബീഹാറിൽ മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം. ആഭ്യന്തരം അടക്കം സുപ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് ബിജെപി രംഗത്ത് എത്തിയതോടെയാണ് എൻഡിഎയിൽ തർക്കം രൂക്ഷമായത്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തി.
ബിജെപി നിതീഷിന് മുഖ്യമന്ത്രി പദവി നൽകുന്നതിനാൽ അവകാശവാദങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ ജെഡിയുവിന് പരിമിതികളുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും ധനവകുപ്പും നിലനിർത്തുന്നത് സുശീൽ മോദിയാണ്. ബിജെപി സ്പീക്കർ സ്ഥാനവും ആഭ്യന്തരവും ആവശ്യപ്പെട്ടേക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ജനവിധി തങ്ങൾക്കൊപ്പമായിരുന്നു, എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എൻഡിഎയ്ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് തേജസ്വി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പലയിടത്തും പോസ്റ്റൽ ബാലറ്റ് ക്യാൻസൽ ആക്കിയെന്നും തേജസ്വി ആരോപിക്കുന്നു. ഇത് എന്തിനാണെന്ന് സ്ഥാനാർഥികൾക്ക് പോലും അറിയില്ല. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ലെന്നും മഹാസഖ്യത്തിൻറെ നേതാവ് പറയുന്നു.
ആർജെഡിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ തേജസ്വി, ബിഹാറിൽ ജനവിധി അട്ടിമറിക്കപ്പെടുന്നത് ആദ്യമായല്ലെന്നും ചൂണ്ടിക്കാട്ടി. 2015ൽ മഹാസഖ്യം ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതിത്വത്തോടെയാണ് ഇടപ്പെട്ടതെന്നും തേജസ്വി യാദവ് പറഞ്ഞു.