ഗംഭീരമാക്കാന്‍ യുഡിഎഫ്; പ്രിയങ്ക ഗാന്ധിയുടെ പത്രികസമര്‍പ്പണത്തിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെത്തും; കല്പറ്റയില്‍ ബുധനാഴ്ച റോഡ് ഷോ

Jaihind Webdesk
Monday, October 21, 2024


ഡല്‍ഹി :വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇരുപത്തിമൂന്നാം തീയതി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. വയനാട് ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ പത്രിക സമര്‍പ്പണത്തിന് പ്രിയങ്കയോടൊപ്പം വയനാട്ടില്‍ എത്തും.

നാമനിര്‍ദേശ സമര്‍പ്പണത്തിന് മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന വലിയ റോഡ് ഷോക്ക് നേതൃത്വം നല്‍കും. റോഡ് ഷോ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശേഷമാണ് ജില്ലാ കളക്ടറുടെ ഓഫിസില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാനായി എത്തുക.

പ്രമുഖ ദേശീയ, സംസ്ഥാന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ നല്‍കി ചടങ്ങില്‍ പങ്കെടുക്കും.

അതെസമയം പത്രിക സമര്‍പ്പണത്തിന് മുന്‍പ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് അനുഗ്രഹം വാങ്ങി.