പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നടപടി ആവശ്യപ്പെട്ട് ആന്തൂർ നഗരസഭ ആസ്ഥാനത്തേക്ക് യു ഡി എഫിന്‍റെ പ്രതിഷേധ മാർച്ച്

Jaihind Webdesk
Thursday, June 20, 2019

Satheesan-Pacheni-Anthoor-UDF-March

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്തൂർ നഗരസഭ ആസ്ഥാനത്തേക്ക് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ച്. പ്രവാസി വ്യവസായി സാജന്‍റെ മരണത്തിന് ഉത്തരവാദിയായ ആന്തൂർ നഗരസഭ ചെയർപേഴ്സന് എതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. സാജന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് സി പി എമ്മിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സതീശൻ പാച്ചേനി

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആന്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് സി പി എമ്മിനും ആന്തൂർ നഗരസഭയ്ക്കുമെതിരെ സതീശൻ പാച്ചേനി രൂക്ഷ വിമർശനം നടത്തിയത്. പ്രവാസികളായ പാർട്ടി പ്രവർത്തകരുടെ പണം ഊറ്റി എടുത്ത് അവരെ പെരുവഴിയിലേക്ക് ഇറക്കിവിടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി എന്നും പാച്ചേനി പറഞ്ഞു.ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പോലും ശ്രീമതിയുടെ പ്രവർത്തന ഫണ്ടിലേക്ക് സാജനിൽ നിന്നും സിപിഎം ലക്ഷങ്ങൾ പണം പിരിച്ചിട്ടുണ്ട്. പാർട്ടി കോട്ടയായ ആന്തൂരിൽ പാർട്ടി ഓഫീസ് പണിത് നൽകിയതും സാജൻ ആണ്. സജീവ പ്രവർത്തകന്‍റെ വ്യവസായ സംരംഭത്തിന് അകാരണമായി തടസ്സം നിന്ന ചെയർപേഴ്സനെ നിലക്ക് നിർത്താൻ പാർട്ടി സെക്രട്ടറി ഇടപെട്ടിട്ട് പോലും സാധിച്ചില്ല. സാജന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാധികളായ ചെയർപേഴ്സന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

അന്വേഷണത്തിന്‍റെ തുടക്കത്തിൽ ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പറഞ്ഞ പോലീസ് സിപിഎം നേതാക്കളുടെ പ്രേരണയിൽ അത് നശിപ്പിച്ച് കളയുകയായിരുന്നു. സമ്പന്നരുടെയും പ്രവാസികളുടെയും പണം പിഴിഞ്ഞ് അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ് സിപിഎം ചെയ്യുന്നത് എന്നും സതീശൻ പാച്ചേനി ആരോപിച്ചു

സാജന്റെ കെട്ടിടത്തിന് അനുമതി നൽകുകയും കേസ് നേരായ മാർഗത്തിലൂടെ നടത്തുകയും ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും എന്നും സതീശൻ പാച്ചേനി പറഞ്ഞു. വിവിധ യുഡിഎഫ് നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് നഗരസഭ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു