Koothattukulam Municipality| കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് അവിശ്വാസം പാസ്സായി, എല്‍ഡിഎഫ് ചോദിച്ചു വാങ്ങിയ തോല്‍വിയെന്ന് കലാ രാജു

Jaihind News Bureau
Tuesday, August 5, 2025

കൊച്ചി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കൂത്താട്ടുകുളം നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ നഗരസഭാ അധ്യക്ഷ വിജയ ശിവനും ഉപാധ്യക്ഷന്‍ സണ്ണി കുര്യാക്കോസിനും സ്ഥാനം നഷ്ടമായി. സിപിഎം വിമത കൗണ്‍സിലറായ കല രാജുവിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസ്സായത്.

അവിശ്വാസ പ്രമേയം വിജയിച്ചതിനു പിന്നാലെ കലാരാജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി . താന്‍ ദീര്‍ഘകാലം കൂടെ പ്രവര്‍ത്തിച്ചവര്‍ തന്നോട് കൊടുംചതിയാണ് കാണിച്ചതെന്ന് അവര്‍ ആരോപിച്ചു. ‘ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ദ്രോഹമാണിത്. 25 വര്‍ഷം അവരോടൊപ്പം പ്രവര്‍ത്തിച്ച എന്നോടാണ് ഇത് ചെയ്തത്. നടുറോഡില്‍ വസ്ത്രാക്ഷേപം നടത്തുന്നതിനു തുല്യമായ നടപടികളാണ് അവര്‍ചെയ്തത്. സിപിഎം  ഈ തോല്‍വി ചോദിച്ചു വാങ്ങിയതാണ് ‘ കലാരാജു വികാരാധീനയായി പറഞ്ഞു.

ജനുവരി 18ന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ് നടന്ന സംഭവങ്ങളാണ് കൂത്താട്ടുകുളത്തെ രാഷ്ട്രീയത്തെ ഇളക്കിമറിച്ചത്. അന്ന് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനെത്തിയ എല്‍ഡിഎഫ് കൗണ്‍സിലര്‍ കല രാജുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ നഗരസഭാ അധ്യക്ഷ വിജയ ശിവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും കല രാജുവും മാധ്യമങ്ങളോട് വെളിപ്പെടുത്തി.

‘അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാനെത്തിയ എന്നെയാണ് അവര്‍ ഉപദ്രവിച്ചതും തട്ടിക്കൊണ്ടുപോയതും. പതിറ്റാണ്ടുകള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എന്നോടാണ് അവര്‍ ഇത് ചെയ്തത്. ഇന്ന് ഇതിന് മറുപടി കൊടുത്തില്ലെങ്കില്‍ പിന്നെ സ്ത്രീയായി ജീവിച്ചിരുന്നിട്ട് കാര്യമില്ല,’ മനസ്സാക്ഷിക്കനുസരിച്ചാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കിയ കല രാജു പറഞ്ഞു. ഇനി യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ ബാങ്ക് പാസ് ബുക്ക് സിപിഎം തട്ടിയെടുത്തു. അത് പരിശോധിച്ചു. കുതിരക്കച്ചവടത്തിലൂടെ കിട്ടിയ പണം എവിടെയാണെന്നാണ് അവര്‍ പരിശോധിച്ചത്. ഒന്നരമാസം കഴിഞ്ഞാണ് എനിക്കത് തിരിച്ചു തന്നത്. അപ്പോള്‍ ബോദ്ധ്യപ്പെട്ടു, ഞാന്‍ പണത്തിനല്ല, മനസ്സാക്ഷിയനുസരിച്ചാണ് ഇങ്ങനെ ചെയ്തത്. കലാ രാജു വെളിപ്പെടുത്തി

25 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 13, യുഡിഎഫിന് 11, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍, കല രാജുവും സ്വതന്ത്ര കൗണ്‍സിലര്‍ പി.ജി. സുനില്‍കുമാറും യുഡിഎഫിനെ പിന്തുണച്ചതോടെ അവിശ്വാസ പ്രമേയം 13 വോട്ടുകള്‍ക്ക് പാസാകുകയായിരുന്നു. 11 എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അതേസമയം, നടന്നത് കുതിരക്കച്ചവടമാണെന്നും വലിയ സാമ്പത്തിക ഇടപാടുകള്‍ ഇതിന് പിന്നിലുണ്ടെന്നും സിപിഎം ആരോപിച്ചു. കല രാജുവിനെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.എന്നാല്‍, ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞ തവണ അവിശ്വാസം പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗണ്‍സില്‍ കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രം ശേഷിക്കെയാണ് അവിശ്വാസത്തിലൂടെ ഭരണമാറ്റം എന്നത് ശ്രദ്ധേയമാണ്. കല രാജുവിനെതിരെ അയോഗ്യത കല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ എല്‍ഡിഎഫ് നടത്തിയേക്കുമെന്നാണ് സൂചന. കൂത്താട്ടുകുളം നഗരസഭയിലെ അനിശ്ചിതത്വവും രാഷ്ട്രീയ നാടകങ്ങളും വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.